ആവേശക്കൊടുമുടിയില്‍ കത്തിക്കയറി കൊട്ടിക്കലാശം അവസാനിച്ചു. തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ തെരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ നിറഞ്ഞാടി. സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ചിത്രങ്ങളെടുത്തും തങ്ങളുടെ പാര്‍ട്ടിയുടെ കൊടി ഉയര്‍ത്തിപ്പിടിച്ചും പ്രവര്‍ത്തകര്‍ കേരളത്തെ മറ്റൊരു ഉത്സവക്കാഴ്ച്ചയിലേക്ക് എത്തിച്ചു. പ്രധാന ടൌണുകളിലെല്ലാം സ്ഥാനാത്ഥികളുടെ പേരുകള്‍ ഉറക്കെ വിളിച്ചു പറഞ്ഞും പാര്‍ട്ടിക്ക് അനുകൂലമായ മുദ്രാവാക്യങ്ങള്‍ വിളിച്ചും പ്രവര്‍ത്തകര്‍ ആവേശക്കൊടുമുടിയിലായിരുന്നു.
കേരളത്തില്‍ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന തിരുവന്തപുരം ജില്ലയിലെ തെരുവീഥികളെല്ലാം പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞ കാഴ്ച്ചയായിരുന്നു കണ്ടത്. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഒപ്പം ശക്തമായ പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയുള്ള ബി ജെപിയും കൊട്ടിക്കലാശത്തില്‍ ഒട്ടും പിറകിലായിരുന്നില്ല. തിരുവനന്തപുരത്തെ പ്രധാന സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ പ്രവര്‍ത്തകര്‍ക്കൊപ്പം ആവേശത്തില്‍ പങ്കുചേര്‍ന്നു. ഇടത് സ്ഥാനാര്‍ത്ഥികളായ ടി എന്‍ സീമയും വി ശിവന്‍കുട്ടിയുമെല്ലാം പ്രവര്‍ത്തകര്‍ക്കൊപ്പം ആവേശത്തില്‍ അണിചേര്‍ന്നു. ബി ജെ പി സ്ഥാനാര്‍ത്ഥികളായ ശ്രീശാന്തും രാവിലെ മുതല്‍ മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം വാഹന പ്രചരണത്തില്‍ സജീവമായിരുന്നു. ബി ജെ പി ഏറെ പ്രതീക്ഷവയ്ക്കുന്ന നേമത്തെ സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും പ്രവര്‍ത്തകര്‍ക്ക് ആവേശം നല്കാന് കൂടെ ചേര്‍ന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരനും കൊട്ടിക്കലാശത്തില്‍ ആവേശത്തോടെ പങ്കുചേര്‍ന്നു.
കടുത്ത പോരാട്ടം നടക്കുന്ന കൊല്ലത്തും ആവേശം വാനോളമായിരുന്നു. ഇടത്-വലത് മുന്നണികള്‍ക്കൊപ്പം ബി ജെ പിയും കൊട്ടിക്കലാശത്തില്‍ ശക്തമായ സാന്നിധ്യമായിരുന്നു. ഷിബു ബേബിജോണ്‍ മത്സരിക്കുന്ന ചവറയിലും മുകേഷ് മത്സരിക്കുന്ന കൊല്ലം മണ്ഡലത്തിലും ആവേശം വാനോളമായിരുന്നു. താര പോരാട്ടം നടക്കുന്ന പത്തനാപുരത്ത് ആവേശം അതിര് കടന്ന അവസ്ഥയിലായിരുന്നു. സ്ഥലം എം എല്‍ എ ഗണേഷ് കുമാറിനെതിരെ ജഗതീഷും ഭീമന് രഘുവും മത്സരരംഗത്തെത്തിയതോടെ കൊട്ടിക്കലാശവും കൊടുമുടിയിലായിരുന്നു. മൂന്ന് മുന്നണിയിലേയും പ്രവര്‍ത്തകരിലും ഈ ആവേശം ദൃശ്യമായിരുന്നു.
നിലനില്‍പ്പിന്റെ പോരാട്ടം നടക്കുന്ന പൂഞ്ഞാറിലും കൊട്ടിക്കലാശം ആവേശക്കൊടുമുടിയിലെത്തി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി സി ജോര്‍ജും കേരളാകോണ്‍ഗ്രസ് എമ്മിന് വേണ്ടി ജോര്‍ജ്കുട്ടി അഗസ്തിയും ഒപ്പം ശക്തി തെളിയിക്കുന്നതിനായി എന്‍ ഡി എ സ്ഥാനാര്‍ത്ഥി എം ആര് ഉല്ലാസും രംഗത്തെത്തിയതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നായി പൂഞ്ഞാര്‍ മാറിയിരുന്നു. ഈ ആവേശം പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തിലും എത്തിച്ചതോടെ പൂഞ്ഞാറിലെ വഴിയോരങ്ങള്‍ ജനസാഗരമായി.
പ്രവര്‍ത്തകര്‍ ആവേശക്കടലാക്കിയ കാഴ്ചയായിരുന്നു പാലാക്കാട് ജില്ലയില്‍ കണ്ടത്. ബി ജെ പി ശക്തമായി രംഗത്തുള്ള പാലക്കാട് മണ്ഡലത്തില്‍, പ്രവര്‍ത്തകര്‍ ആവേശം ഒട്ടും ചോരാതെ അവസാന നിമിഷംവരെ നിറഞ്ഞാടി. ബി ജെ പിക്ക് വേണ്ടി ശോഭാ സുരേന്ദ്രനും കോണ്‍ഗ്രസിനായി ഷാഫി പറമ്പിലും ഇടത്പക്ഷത്തിന് വേണ്ടി എന്‍ എന്‍ കൃഷ്ണദാസും മത്സരരംഗത്തെത്തിയതോടെ തീപാറും പോരാട്ടമാണ് മണ്ഡലത്തില്‍ നടക്കുകയെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഇത് തെളിയിക്കുന്ന കാഴ്ചയായിരുന്നു കൊട്ടിക്കലാശത്തിലും കണ്ടത്.
അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായിരുന്നു കൊട്ടിക്കലാശത്തിന്റെ ഭാഗമായി കോഴിക്കോട് ടൌണിലും കണ്ടത്. എം കെ മുനീര്‍ മത്സരിക്കുന്ന കോഴിക്കോട് സൌത്ത് മണ്ഡലത്തിലും ത്രികോണ മത്സരം നടക്കുന്ന ബേപ്പൂര്‍ മണ്ഡലവുമായിരുന്നു കൊട്ടിക്കലാശത്തില്‍ പ്രവര്‍ത്തകരുടെ ആവേശം കൊടുമുടിയിലെത്തിയത്.
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന അഴിക്കോട് മണ്ഡലത്തില്‍ കൊട്ടിക്കലാശത്തില്‍ ഇരുപക്ഷവും ഒപ്പത്തിനൊപ്പമായിരുന്നു. അണികളില്‍ വലിയതരത്തിലുള്ള ആവേശമായിരുന്നു കണ്ടത്. എം വി നികേഷ് കുമാറും കെ എം ഷാജിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ പോരാട്ടം തീപാറും എന്ന മുന്നറിയിപ്പ് നല്കുന്ന രീതിയിലായിരുന്നു കൊട്ടിക്കലാശം. ആവേശത്തില്‍ ബി ജെ പിയും ഒട്ടും പിറകിലായിരുന്നില്ല. ബി ജെ പി ഏറെ പ്രതീക്ഷ നല്കുന്ന മണ്ഡലമായ മഞ്ചേഷ്വരത്തും കാസര്‍കോഡും ബി ജെ പി പ്രവര്‍ത്തകര്‍ ആവേശക്കടലാക്കി. രാവിലെ മുതല്‍ ഇടത് മുന്നണി പ്രവര്‍ത്തകരെക്കൊണ്ട് കാസര്‍കോഡ് ടൌണ്‍ നിറഞ്ഞിരുന്നു.