ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം; സംഭവം കുവൈത്തില്‍

Webdunia
ശനി, 24 ജൂണ്‍ 2017 (08:43 IST)
കുവൈത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് മലയാളി മരിച്ചു. കുവൈത്തിൽ ഒരു സ്വകാര്യ സ്ഥാപനം നടത്തുന്ന അങ്കമാലി കറുക്കുറ്റി ചിറയ്ക്കൽ അയരൂർക്കാരൻ റിജോ റാഫേലാണ് മരിച്ചത്. കുവൈത്തിലെ ഖൽ അബ്ദലി റോഡില്‍ കഴിഞ്ഞ ദിവസമാ‍ണ് അപകടം നടന്നത്.
 
രണ്ടു ദിവസമായി റിജോയെ കാണാനില്ലെന്ന് അദ്ദേഹത്തിന്റെ കുവൈത്തിലുള്ള ഭാര്യ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഖൽ അബ്ദലിയിൽ കത്തിയമർന്നത് റിജോയുടെ കാറാണെന്നത് തിരിച്ചറിഞ്ഞത്. പൂർണ്ണമായും കത്തിക്കരിഞ്ഞ കാറിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ തിരച്ചിലിലാണ് റിജോയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്.
 
കുവൈത്തിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ അദ്ധ്യാപിക ഷീനാ പോളാണ് റിജോയുടെ ഭാര്യ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കുവൈത്തിൽ നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു.
Next Article