മലയാളത്തിന്റെ സ്വന്തം സംവിധായകൻ ഐ വി ശശി ഓർമയായി. പ്രിയ സുഹൃത്തിനു ആദരാഞ്ജലി അർപ്പിച്ച് സംവിധായകൻ സത്യൻ അന്തിക്കാട്. ഒരാൾ മാഞ്ഞുപോകുമ്പോഴാണ് അയാൾ നമുക്കെത്ര മാത്രം പ്രീയപ്പെട്ടതായിരുന്നുവെന്ന് മനസ്സിലാവുകയെന്ന് സത്യൻ അന്തികാട് പറയുന്നു.
സത്യൻ അന്തിക്കാടിന്റെ വരികളിലൂടെ:
ഒരാൾ മാഞ്ഞു പോകുന്പോഴാണ് അയാൾ നമുക്കെത്ര മാത്രം പ്രിയപ്പെട്ടവനായിരുന്നു എന്ന് നാം ഓർക്കുന്നത്. ലോഹിതദാസിന്റെയും ജോൺസന്റെയും കൂട്ടത്തിലേക്ക് ഇപ്പോൾ ഐ വി ശശിയും.
കുട്ടിത്തം മാറാത്ത ചേട്ടനായിരുന്നു ഞങ്ങൾക്കൊക്കെ ശശിയേട്ടൻ. ഐ വി ശശി എന്ന ചലച്ചിത്ര മാന്ത്രികൻ ഒരുക്കിയ പാതയിലൂടെയാണ് ഞാനും ഫാസിലും പ്രിയനും സിബിയുമൊക്കെ സഞ്ചരിച്ചത്. അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട് പലപ്പോഴും. ഞങ്ങൾക്കൊരിക്കലും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിൽ തന്നെയായിരുന്നു ശശിയേട്ടൻ. രോഗത്തിന് പോലും അദ്ദേഹത്തെ തളർത്താനായിട്ടില്ല.
നാടോടിക്കാറ്റിന്റെയും ഗാന്ധിനഗർ സെക്കന്റ് സ്‌ട്രീറ്റിന്റെയും നിർമ്മാതാക്കളിൽ ഒരാളായിരുന്നു ശശിയേട്ടൻ. ഞാനും ശ്രീനിവാസനും കഥ ചർച്ച ചെയ്യാനിരിക്കുന്പോൾ തിരക്കുകൾക്കിടയിൽ നിന്ന് എപ്പോഴെങ്കിലും ഓടിയെത്തും. ഞങ്ങളുണ്ടാക്കിയ സീനുകൾ കേട്ട് കുറേ ചിരിക്കും. വിലപ്പെട്ട ചില നിർദ്ദേശങ്ങൾ തരും. വന്നത് പോലെ തന്നെ തിടുക്കത്തിൽ സ്ഥലം വിടും.
അതിനിടയിൽ എപ്പോഴോ ആണ് നാടോടിക്കാറ്റിൽ ഒരു സീനിൽ അഭിനയിക്കണം എന്ന് ഞാൻ പറയുന്നത്. മടിയായിരുന്നു. പക്ഷേ ഞാനും ശ്രീനിയും വിട്ടില്ല. "സ്വന്തം പടമല്ലേ..അഭിനയിച്ചേ പറ്റൂ" എന്ന് സീമയെക്കൊണ്ടും പറയിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ വേർപാടിനെക്കുറിച്ചുള്ള വാർത്തകൾക്കിടയിൽ ആ രംഗം ടി വിയിൽ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.
ഐ വി ശശി നമുക്കിടയിൽ തന്നെയുണ്ടാകുമെന്ന് തോന്നിപ്പോകുന്നു; സിനിമയുള്ള കാലത്തോളം. കാണാമറയത്ത്