വടകര എംപിയും പാലക്കാട് മുന്‍ എംഎല്‍എയുമായ ഷാഫി പറമ്പിലിന് നാല് കോടി രൂപ നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി. കൊടകരയില്‍ കുഴല്‍പ്പണം എത്തിച്ച സംഘം ഷാഫി പറമ്പിലിന് നാല് കോടി രൂപ നല്‍കിയെന്ന ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആണ് നേരത്തെ ഉന്നയിച്ചത്. സുരേന്ദ്രന്റെ ആരോപണത്തെ കോണ്‍ഗ്രസിനെതിരായ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുകയാണ് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍.
' കെ.സുരേന്ദ്രന്റെ ആരോപണം തെറ്റാണെങ്കില്‍ ഷാഫി പറമ്പില്‍ മാനനഷ്ടക്കേസ് നല്‍കട്ടെ,' എന്നാണ് കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പാലക്കാട് ഇത്തവണയും കോണ്‍ഗ്രസുകാര്‍ കള്ളപ്പണം കൊണ്ടുവന്നു. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറിലാണ് കള്ളപ്പണം എത്തിച്ചത്. പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
അതേസമയം കള്ളപ്പണ ആരോപണത്തില്‍ ഷാഫി പറമ്പില്‍ കൃത്യമായ പ്രതികരണം നടത്താത്തത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ ഇത്ര വലിയ ആരോപണം ഉന്നയിച്ചിട്ടും ഷാഫി കാര്യമായ മറുപടിയൊന്നും ഇതുവരെ നല്‍കിയിട്ടില്ല. വോട്ടര്‍മാര്‍ക്കിടയില്‍ ഇത് അവമതിപ്പ് ഉണ്ടാക്കുമെന്നാണ് പാലക്കാട് ഡിസിസിയുടെ ആശങ്ക.