ലിവിങ് ടുഗതര്‍ പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം ബന്ധങ്ങളില്‍ പങ്കാളിയില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ശാരീരിക, മാനസിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നാല്‍ അത് ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എറണാകുളം സ്വദേശിയായ യുവാവാണ് വിഷയം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. താനും ഒരു യുവതിയും ലിവിങ് ടുഗതര്‍ ബന്ധത്തിലായിരുന്നുവെന്നും ഒരു വര്‍ഷത്തോളമായി ഒരുമിച്ച് ജീവിച്ച് പിരിഞ്ഞ സാഹചര്യത്തില്‍ യുവതി ഗാര്‍ഹിക പീഡനം ആരോപിച്ച് പരാതി നല്‍കുകയുമായിരുന്നുവെന്ന് യുവാവ് പറയുന്നു. ഈ കേസ് റദ്ദാക്കികൊണ്ടാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണം.
നിയമപരമായി വിവാഹം ചെയ്താല്‍ മാത്രമെ ഭര്‍ത്താവെന്ന് പറയാനാകു. ലിവിങ് ടുഗതര്‍ ബന്ധങ്ങളില്‍ പങ്കാളി മാത്രമാണ്. ആയതിനാല്‍ ഇത്തരം ബന്ധങ്ങളിലുണ്ടാകുന്ന പീഡനങ്ങള്‍ ഐപിസി 498 എ വകുപ്പിന് കീഴില്‍ വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.