പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അറസ്റ്റിലായ ഫാ. റോബിൻ വടക്കുംചേരി താൻ കാനഡയിലേക്ക് പോകുന്നതായി ഇടവക അംഗങ്ങാളോട് പറഞ്ഞിരുന്നുവെന്ന് റിപ്പോർട്ട്. താൻ കാനഡയിലേക്ക് പോകുകയാണെന്നും തനിയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും ഞായറാഴ്ച നടന്ന കുർബാനയിലാണ് വികാരി പറഞ്ഞത്.
കേസിൽ നിന്നും രക്ഷപെടാൻ ഉള്ള അടവാണിതെന്ന് വിശ്വാസികൾ ആരും അറിഞ്ഞില്ല. എന്നാൽ, കാനഡയിലേക്ക് മുങ്ങുന്നതിനിടയിലാൺ വൈദികൻ പൊലീസ് പിടിയിലാകുന്നത്. വൈദികനെ കേസിൽ നിന്നും രക്ഷിക്കാൻ ശ്രമങ്ങൾ നടന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. പെൺകുട്ടി പ്രസവിച്ചപ്പോൾ സംഭവം പുറംലോകം അറിയാതെ ഒതുക്കിതീർക്കാൻ ശ്രമം നടന്നതായി വിവരം.
ഉന്നതരായ ചിലർ പെൺകുട്ടിയുടെ വീട്ടുകാരെ സ്വാധീനിച്ച് വിവരം ആരും അറിയാത്തരീതിയിൽ ഒതുക്കി. ഒപ്പം, കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും ചെയ്തു. ജില്ലാ ചൈൽഡ്‌ലൈൻ പ്രവർത്തകർക്കു ലഭിച്ച വിവരത്തെത്തുടർന്നാണു പീഡനവിവരം പുറംലോകമറിയുന്നത്. ഇതോടെ വൈദികനെ കേസിൽ നിന്നും രക്ഷപെടുത്താനും പലരും ശ്രമിച്ചു തുടങ്ങി.
പെൺകുട്ടിയെ പീഡിപ്പിച്ചത് അവളുടെ പിതാവാണെന്ന് വരെ കഥകൾ കെട്ടിച്ചമച്ചു. പല തരത്തിലുള്ള കഥകൾ പ്രചരിപ്പിച്ച് കേസിനെ വഴിമാറ്റിവിടാനുള്ള നീക്കങ്ങൾ വലിയ രീതിയിൽ തന്നെ നടന്നെങ്കിലും അതിനെയെല്ലാം . അതിജീവിച്ചു പ്രതിയായ വൈദികനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞെന്നും പേരാവൂർ പൊലീസ് അറിയിച്ചു.