കേരള സര്‍ക്കാര്‍ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് സ്വാശ്രയ വിഷയം. അതാവട്ടെ അല്പം കുഴഞ്ഞു മറിയുകയും ചെയ്തു. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പല തരത്തിലുള്ള സമര മുറകളും ആവിഷ്കരിച്ചു. ആഴ്ചകളോളം നിയമസഭാ പ്രവര്‍ത്തങ്ങള്‍ താളം തെറ്റി. ചില എംഎല്‍എ മാര്‍ നിരാഹാരം അനുഷ്ടിച്ചു. സമരം ചെയ്യുന്നത് കോണ്‍ഗ്രസ് ആയാലും സഖാക്കള്‍ ആയാലും അതിനൊരു മിനിമം മാന്യത വേണം. പൊതുമുതല്‍ നശിപ്പിക്കുകയും പൊലീസുകാരന്റെ കഴുത്തിനു പിടിക്കുകയും ചെയ്‌താല്‍ മാത്രമേ സമരമാവൂ എന്ന് ധരിക്കുന്നത് ശരിയായ നടപടിയല്ല.
എന്താണ് ഈ സ്വാശ്രയ പ്രശ്നം. പല ആളുകള്‍ക്കും ഇക്കാര്യത്തെ കുറിച്ച് അറിയില്ല. അതുകൊണ്ട് മാത്രമാണ് സ്വാശ്രയത്തിലൂടെ സാമൂഹികനീതിഎന്നൊക്കെ പറയുന്നത്. സെല്‍ഫ് ഫൈനാന്‍സ് എന്നതിനെ സ്വാശ്രയം എന്ന് മൊഴിമാറ്റംചെയ്തപ്പോള്‍ ഉണ്ടായ കണ്‍ഫ്യൂഷനാണിത്. സെല്‍ഫ് ഫിനാന്‍സ് എന്നു പറഞ്ഞാല്‍ പണം
കൊടുത്ത് പഠിക്കുക എന്നാണര്‍ത്ഥം. സെല്‍ഫ് ഫിനാന്‍സ് കോളേജ് തുടങ്ങുന്നത്, ഏതെങ്കിലും ഒരു
സംഘടനയായാലും ട്രസ്റ്റ് ആയാലും വ്യക്തികളായാലും അത് കച്ചവടത്തിന്റെ പരിധിയില്‍ മാത്രമേവരികയുള്ളൂ. വന്‍ മൂലധനമിറക്കി ഇന്‍ഫ്രാസ്ട്രക്ചര്‍ ഉണ്ടാക്കി സ്റ്റാഫിനെ ശമ്പളം കൊടുത്ത് നിര്‍ത്തി പഠിപ്പിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന ഫീസ് മാത്രമാണ് അവരുടെ ഏക വരുമാനം.
അത്തരത്തില്‍ ലഭിക്കുന്ന ഫീസില്‍ നിന്നാണ് സ്റ്റാഫിന് ശമ്പളം കൊടുക്കേണ്ടതും കോളേജ് മെയിന്റനന്‍സ് ചെയ്യേണ്ടതുമെല്ലാം. മൂലധനമിറക്കി കോളേജ് തുടങ്ങിയാല്‍ അതിന്റെ മുതലാളിമാര്‍ ആഗ്രഹിക്കുന്നത് അതിലൂടെ
ലഭിക്കുന്ന ലാഭത്തെ കുറിച്ചാണ്. ഇത്തരമൊരു കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കണമെങ്കിലോ സാമൂഹ്യനീതി നടപ്പാക്കണമെങ്കിലോ അങ്ങനെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് കൊടുക്കാനുള്ള തുക സര്‍ക്കാര്‍ നല്‍കണം. അല്ലെങ്കില്‍ ആവശ്യമായ കോളേജുകള്‍ സര്‍ക്കാര്‍ ആരംഭിക്കണം.അതാണ് സാമൂഹ്യനീതിക്കുള്ള ഏക മാര്‍ഗ്ഗം. സ്വാശ്രയ കോളേജില്‍ ഒരു വിഭാഗം കുട്ടികള്‍ സര്‍ക്കാര്‍ കോളേജിലെ ഫീസിന് തുല്യമായ ഫീസ്കൊടുത്ത് പഠിക്കുമ്പോള്‍ അതിന്റെ ഭാരം വരുന്നത് സ്വാശ്രയസീറ്റ് നേടിയ വിദ്യാര്‍ത്ഥികളുടെ ചുമലിലാകുകയും ചെയ്യും.
കേരളത്തില്‍ ആവശ്യമായത്ര കോളേജുകള്‍ സര്‍ക്കാര്‍ മേഖലയിലോ എയിഡഡ് മേഖലയിലോ ഇല്ലത്തതുമൂലമാണ് ഇവിടെ സ്വാശ്രയം വേണ്ടി വന്നത്. അതോടെ കുട്ടികള്‍ അയല്‍ സംസ്ഥാനങ്ങളില്‍ പണം മുടക്കി പഠിക്കാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ഈ ഇനത്തില്‍ മാത്രം കോടികള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നു എന്ന മുറവിളി ഉയര്‍ന്നു. എന്നാല്‍ ചില പ്രത്യേക പ്രത്യയശാസ്ത്രക്കാര്‍ ഇതിനെ എതിര്‍ത്തു. അന്യസംസ്ഥാനത്ത് പോയി പണം കൊടുത്തും യാത്രാക്ലേശം സഹിച്ചും പഠിച്ചാലും അതിന്റെ പേരില്‍ കോയമ്പത്തൂരും ബാംഗ്ലൂരും മംഗലാപുരവുമൊക്കെ പുരോഗതി പ്രാപിച്ചാലും സ്വന്തം സംസ്ഥാനത്ത് അത് അനുവദിക്കുകയില്ല എന്നായിരുന്നു ഇത്തരക്കാരുടെ ശാഠ്യം. അങ്ങനെയാണ് സ്വാശ്രയസമരം എന്നൊരു
സമരം വര്‍ഗ്ഗസമരത്തോടൊപ്പം ചേരുന്നത്.
എന്തുതന്നെയായാലും പതിയെ കേരളത്തില്‍ സ്വാശ്രയമേഖലയില്‍ കോളേജുകള്‍ തല പൊക്കി തുടങ്ങി. എന്നാല്‍ സ്വാശ്രയ സമരത്തെ തണുപ്പിക്കാനാന്‍ വേണ്ടിയാണ് രണ്ട് സ്വാശ്രയ കോളേജ് സമം ഒരു സര്‍ക്കാര്‍ കോളേജ് എന്ന നിയമം ഏ കെ.ആന്റണി കൊണ്ടുവന്നത്. ഇത് ഒരു ഉദാത്തമായ സാമൂഹ്യനീതിയാണെന്ന് വാഴ്ത്തപ്പെട്ടു. എന്നാല്‍ ഈ സാമൂഹ്യനീതി നടപ്പിലാവാന്‍ സര്‍ക്കാരോ, സ്വാശ്രയ മുതലാളിമാരോ ചില്ലിക്കാശ് പോലും ചെലവാക്കുന്നില്ല എന്നതാണ് ഈ ഏര്‍പ്പാടിലെ ക്രൂരമായ ഫലിതവും ഒളിപ്പിച്ചു വെച്ച അനീതിയും. സര്‍ക്കാര്‍ എന്ത് നിയമങ്ങള്‍ ഉണ്ടാക്കിയാലും ക്രോസ് സബ്‌സിഡി പാടില്ല എന്ന വിധിയാണ് ഇക്കാര്യത്തില്‍ മേനേജ്‌മെന്റുകള്‍ക്ക് തുണയാകുന്നത്. എന്തായാലും സ്വാശ്രയ പ്രശ്നം കേരളത്തില്‍ സമരമോഹികള്‍ക്കുള്ള അക്ഷയപാത്രമാണ്.