പാകിസ്ഥാന് തുർക്കി പിന്തുണ?, പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല , പാകിസ്ഥാൻ ഉപയോഗിച്ചതെല്ലാം തുർക്കി നൽകിയ ഡ്രോണുകൾ

അഭിറാം മനോഹർ

ശനി, 10 മെയ് 2025 (14:01 IST)
ഇന്ത്യയ്ക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണത്തില്‍ പാകിസ്ഥാാന്‍ ഉപയോഗിച്ചത് തുര്‍ക്കി നിര്‍മിത ഡ്രോണുകളെന്ന് റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെയാണ് ഇന്ത്യയിലെ സാധാരണക്കാര്‍ക്കെതിരെയും ഇന്ത്യന്‍ സൈനികസംവിധാനങ്ങള്‍ക്കും നേരെ പാകിസ്ഥാന്‍ തിരിച്ചടി ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ മിസലുകളും ഡ്രോണുകളും അടക്കം ശക്തമായ ആക്രമണമാണ് പാകിസ്ഥാന്‍ നടത്തിയത്. എന്നാല്‍ ഇതെല്ലാം വിജയകരമായി തകര്‍ക്കാന്‍ ഇന്ത്യയുടെ വ്യോമപ്രതിരോധസംവിധാനത്തിന് സാധിച്ചു.
 
പാകിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ 300-400 തുര്‍ക്കി ഡ്രോണുകളാണ് പാകിസ്ഥാന്‍ ഉപയോഗിച്ചത്. പാകിസ്ഥാന്‍ ഉപയോഗിച്ച ഡ്രോണുകള്‍ വെടിവെച്ചിട്ട ശേഷം നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് ഇവ തുര്‍ക്കിയില്‍ നിര്‍മിതമാണെന്ന് വ്യക്തമായത്. തുര്‍ക്കിയുടെ അസിസ് ഗാര്‍ഡ് സോങ്കര്‍ ഡ്രോണുകളാണ് ഇവയെന്നാണ് ഫോറന്‍സിക് പരിശോധനയില്‍ ലഭിച്ച പ്രാഥമിക സൂചന. പാകിസ്ഥാന് സാമ്പത്തികമാായും സൈനികതലത്തിലും പിന്തുണ നല്‍കുന്ന രാജ്യമാണ് തുര്‍ക്കി. ഇന്ത്യയില്‍ ഭീകരര്‍ 26 സാധാരണക്കാരെ കൊന്നൊടുക്കിയ സംഭവത്തില്‍ പ്രതികരിക്കാന്‍ തുര്‍ക്കി തയ്യാറായിരുന്നില്ലെന്ന് മാത്രമല്ല ഇതിന് പിന്നാലെ തുര്‍ക്കി പ്രസിഡന്റ് തയിപ് ഉര്‍ദുഗാന്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫുമായി കൂടിക്കാഴ്ച നടക്കുകയും ചെയ്തിരുന്നു. ഇത് ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍