രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ കണ്ടു, ആ വേദന എനിക്കറിയാം, ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസമെന്ന് രാഹുൽ ഗാന്ധി

അഭിറാം മനോഹർ

വ്യാഴം, 1 ഓഗസ്റ്റ് 2024 (18:55 IST)
Rahul gandhi, Wayanad
വയനാട്ടിൽ സംഭവിച്ചത് ഭീകരദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് കൂടിയായ വയനാട് എം പി രാഹുൽ ഗാന്ധി. പ്രദേശവാസികളുടെ അവസ്ഥ വേദനാജനകമാണ്. കുടുംബാംഗങ്ങളെ മുഴുവൻ നഷ്ടമായവരെ ക്യാമ്പുകളിൽ കണ്ടു. അവരോട് എന്താണ് പറയേണ്ടതെന്ന് തനിക്കറിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.  എൻ്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദിവസമാണ് ഇന്ന്. അച്ഛൻ മരിച്ച കുട്ടികളെ ഞാൻ കണ്ടു. അവർ അനുഭവിക്കുന്ന വേദന എനിക്ക് മനസിലാകും. ഞാനും ആ വേദനയിലൂടെ കടന്നുപോയ ആളാണ്. മേപ്പാടിയിൽ ആയിരക്കണക്കിന് പേരാണ് ആ വേദന അനുഭവിക്കുന്നത്. രാഹുൽ പറഞ്ഞു.
 
ദുരന്തമുഖത്തുള്ള ഓരോ ആരോഗ്യപ്രവർത്തകരെയും രക്ഷാപ്രവർത്തകരെയും ഓർത്ത് അഭിമാനമുണ്ടെന്നും മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. അതേസമയം ദുരന്തമുഖത്ത് രാഷ്ട്രീയ ആരോപണങ്ങൾക്ക് ഇടമില്ലെന്നും വയനാടിന് ഇന്ന് ആവശ്യമായത് സഹായമാണെന്നും മുഴുവൻ രാജ്യം തന്നെ വയനാടിനൊപ്പമുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
 
 അതിഭീകരമായ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായിരിക്കുന്നതെന്നും ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കാ ഗാന്ധി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍