വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: 401 ഡിഎന്‍എ പരിശോധന പൂര്‍ത്തിയായി

രേണുക വേണു
ബുധന്‍, 14 ഓഗസ്റ്റ് 2024 (08:42 IST)
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഉള്‍പ്പെടെ 401 ഡി.എന്‍.എ പരിശോധന പൂര്‍ത്തിയായതായി മന്ത്രിസഭാ ഉപസമിതി. ഇതില്‍ 349 ശരീരഭാഗങ്ങള്‍ 248 ആളുകളുടേതാണ്. ഇതു 121 പുരുഷന്‍മാരും 127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞു. 52 ശരീര ഭാഗങ്ങള്‍ പൂര്‍ണ്ണമായും അഴുകിയ നിലയിലാണ്.
 
ഇതുവരെ നടന്ന തെരച്ചലില്‍ 231 മൃതദേഹങ്ങളും 206 ശരീരഭാഗങ്ങളുമാണ് ലഭിച്ചത്. 115 പേരുടെ രക്തസാമ്പിളുകള്‍ ഇതുവരെ ശേഖരിച്ചു. ബിഹാര്‍ സ്വദേശികളായ മൂന്നുപേരുടെ ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ ഇനി ലഭ്യമാവാനുണ്ട്.
 
താത്കാലിക പുനരധിവാസത്തിനായി ഹാരിസണ്‍ മലയാളത്തിലെ തൊഴിലാളി യൂണിയനുകള്‍ ഇപ്പോള്‍ നല്‍കാന്‍ തയ്യാറായിട്ടുള്ള 53 വീടുകളും നല്‍കാമെന്നേറ്റ ബാക്കി വീടുകളുടെയും ഭദ്രതയും നടത്തിപ്പും സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പരിശോധന നടത്തി ഏതൊക്കെ തൊഴിലാളികളെ പരിഗണിക്കും എന്നുള്‍പ്പെടെയുള്ള കണക്ക് ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
 
താല്‍ക്കാലിക പുനരധിവാസം ഉറപ്പാക്കുമ്പോള്‍ മേപ്പാടി, മുപൈനാട്, വൈത്തിരി, കല്‍പ്പറ്റ, മുട്ടില്‍, അമ്പലവയല്‍ തദ്ദേശ സ്വയംഭരണ പരിധിയിലുള്ള പൂര്‍ണ്ണസജ്ജമായ വാസസ്ഥലമാണ് ഉദ്ദേശിക്കുന്നത്. ചൂരല്‍ മലയിലെ ദുരന്തബാധിതര്‍ക്ക് ഒരു വാടക വീട് എന്ന മുദ്രാവാക്യവുമായി സര്‍വ്വകക്ഷികളുടെയും നേതൃത്വത്തില്‍ വാടക വീടുകള്‍ക്ക് വേണ്ടി അന്വേഷണം നടത്തും. പഞ്ചായത്ത് അംഗങ്ങള്‍, റവന്യൂ ഉദ്യോഗസ്ഥര്‍, സോഷ്യല്‍ വര്‍ക്കര്‍ ഉള്‍പ്പെടുന്ന അഞ്ചംഗ സമിതി തദ്ദേശസ്വയംഭരണ പരിധിയില്‍ ലഭ്യമാക്കാവുന്ന വീടുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യും. ദുരന്തബാധിതര്‍ക്ക് ക്യാമ്പുകളില്‍ സജ്ജമാക്കിയ പ്രേത്യേക ക്യാമ്പയിനിലൂടെ ഇതുവരെ 1368 സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയെന്നും മന്ത്രിസഭാ ഉപസമിതി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article