വയനാട്ടിൽ കാട്ടാന തോട്ടംതൊഴിലാളിയെ ചവുട്ടികൊന്നു

Webdunia
ബുധന്‍, 20 ഏപ്രില്‍ 2016 (14:51 IST)
വയനാട്ടിൽ തോട്ടംതൊഴിലാളിയെ കാട്ടാന ചവുട്ടികൊന്നു. കൽപ്പറ്റ സ്വദേശിയായ മണിയാണ് മരിച്ചത്. ജോലിക്കിടയിൽ കുടിവെള്ളം സംഭരിക്കാനായി കാട്ടിലേക്ക് പോയ മാണിയെ കാണാതായതിനെത്തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് കാടിനുള്ളിൽ മരിച്ച നിലയിൽ മണിയെ നാട്ടുകാർ കണ്ടെത്തിയത്.
 
മണിയുടെ കുടുംബത്തിന് നഷ്ട്പരിഹാരം നൽകാതെ മൃതദേഹം കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു തൊഴിലാളിക‌ളും നാട്ടുകാരും. പ്രതിഷേധം രൂക്ഷമായതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി നഷ്ട്പരിഹാരം നൽകാം എന്ന് വാക്കു നൽകുകയായിരുന്നു. ഇതിനെത്തുടർന്നാണ് ശരീരം സംഭവസ്ഥലത്തു നിന്ന് മാറ്റാൻ നാട്ടുകാർ സമ്മതിച്ചത്.
 
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. കല്‍പറ്റ എം എല്‍ എ എം.വി. ശ്രേയാംസ് കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. കാട്ടാനയുടെ ആക്രമണത്തെത്തുടർന്ന് നിരവധിപേരാണ് അടുത്തിടെ പരിസരപ്രദേശങ്ങ‌ളിലായി കൊല്ലപ്പെട്ടത്.