കുടിവെള്ള വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കിക്കൊണ്ട് ഉത്തരവ് നിലവില്‍ വന്നു. ഇതുസംബന്ധിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ഉത്തരവാണ് പ്രാബല്യത്തില്‍ വന്നത്. ടാങ്കറുകളില്‍ എത്തിക്കുന്ന വെള്ളത്തില്‍ വിസര്‍ജ്യങ്ങളുടെ സാന്നിധ്യം തെളിയിക്കുന്ന ഫീക്കല്‍ കോളിഫോംസ് ബാക്ടീരിയകള്‍ ഉണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു.
കൂടാതെ രോഗകാരികളായ ഇ കോളി ബാക്ടീരിയകളുടെ സാന്നിധ്യമുള്ളതായും നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് നിര്‍ബന്ധമാക്കി ഉത്തരവ് വന്നിരിക്കുന്നത്. ഉറവിടത്തിലെ വെള്ളം ആറുമാസത്തിലൊരിക്കല്‍ ലാബില്‍ പരിശോധിക്കണം. ലൈസന്‍സ് ഇല്ലാതെ ജലവിതരണം പാടില്ല. വാഹനത്തില്‍ ലൈസന്‍സും ലാബ് റിപ്പോര്‍ട്ടും സൂക്ഷിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
പുഴ, തോട്, കുളം, ചിറകള്‍ എന്നിവിടങ്ങളില്‍ നിന്നു ടാങ്കറുകള്‍ വെള്ളം ശേഖരിക്കുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും ശുദ്ധജല സ്രോതസുകളല്ലെന്നും ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുന്നുവെന്നും പരാതികളുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പരിശോധനകളും ശക്തമാക്കിയിരുന്നു.