മലമ്പുഴയില്‍ വിഎസിന് വെല്ലുവിളികള്‍ ഏറെ; വെള്ളാപ്പള്ളി വോട്ട് വിറ്റാല്‍ പ്രതിപക്ഷനേതാവ് വീട്ടിലിരിക്കും, മണ്ഡലത്തില്‍ ചെങ്കൊടി പാറാതിരിക്കാന്‍ ശക്തമായ നിക്കങ്ങള്‍

Webdunia
തിങ്കള്‍, 2 മെയ് 2016 (16:06 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് വിഎസ്‌ അച്യുതാനന്ദനെ മലമ്പുഴയില്‍ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതം. വിഎസിനെതിരെ ബിജെപിയെ കൂട്ടുപിടിച്ച് ബിഡിജെഎസും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുപുറമെ സംസ്‌ഥാന പൊലീസിലെ ഒരു വിഭാഗവും അണിയറയില്‍ നീക്കം നടത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

ബിഡിജെഎസിന്റെ രൂപികരണസമയത്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഏറ്റവുമധികം ആക്രമിച്ച വ്യക്തിയായിരുന്നു വിഎസ്‌ അച്യുതാനന്ദന്‍. വ്യക്തിപരമായും രാഷ്‌ട്രീയപരമായും വിഎസ് ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തിരുന്നു. വാക് പോരില്‍ വിഎസിനോട് പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ വരുകയും   മൈക്രോ ഫിനാന്‍‌സ് തട്ടിപ്പ് കേസില്‍ സമ്മര്‍ദ്ദത്തിലാകുകയും ചെയ്‌ത വെള്ളാപ്പള്ളി മലമ്പുഴയില്‍ തിരിച്ചടി നല്‍കാനുള്ള നീക്കത്തിലാണ്.

ഈ സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പില്‍ വിഎസിനെ മെരുക്കാന്‍ വെള്ളാപ്പള്ളിക്ക് അവസരം ലഭിച്ചത്. സ്വന്തം സ്‌ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയും വിഎസിന്റെ തെരഞ്ഞെടുപ്പ്‌ പരാജയം ലക്ഷ്യമാക്കി വെള്ളാപ്പള്ളി മലമ്പുഴയില്‍ തമ്പടിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുഡിഎഫിന് വേണ്ടിയാണ് വെള്ളാപ്പള്ളി ഇവിടെ പ്രവര്‍ത്തിക്കുന്നത്. സ്വന്തം സ്ഥാനാര്‍ഥിയുടെ വോട്ട് മറിച്ച് വിഎസിനെ തറപ്പറ്റിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

സര്‍വസന്നാഹങ്ങളും ഉപയോഗിച്ച്‌ വിഎസിനെതിരെ നീങ്ങാനാണ്‌ വെള്ളാപ്പള്ളിയുടെ തീരുമാനം. കഴിഞ്ഞ നിയമസഭാ കാലത്ത്‌ വിഎസ്‌ അപൂര്‍വമായിമാത്രമേ മലമ്പുഴയില്‍ എത്തിയിരുന്നുള്ളൂ. ഇത്‌ എതിരാളികള്‍ പ്രചാരണായുധമാക്കുന്നുണ്ട്‌. ഈ നീക്കങ്ങള്‍ക്ക് വെള്ളാപ്പള്ളിക്ക് സര്‍വ്വ പിന്തുണയും സഹായവും നല്‍കുന്നത് ബിജെപിയാണ്. പരാജയസാധ്യത മുന്നില്‍ കണ്ട് വിഎസ് മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയാല്‍ എല്‍ ഡി എഫിന് തിരിച്ചടിയാകുമെന്നും ഇവര്‍ വിശ്വസിക്കുന്നുണ്ട്.

വിഎസിനെ പരാജയപ്പെടുത്താന്‍ മണ്ഡലത്തില്‍ ശക്തമായ പദ്ധതികളാണ് യുഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി നീങ്ങുന്നുണ്ടെങ്കിലും ബിഡിജെഎസിന്റെ വോട്ടുകള്‍ എങ്ങോട്ട് മറിയുമെന്ന ആശങ്കയിലാണ് മുന്നണികള്‍. വിഎസിനെ തോല്‍പ്പിക്കാന്‍ ബിഡിജെഎസ് വോട്ട് മറിച്ചാല്‍ ജയം ഉറപ്പാണെന്നാണ് യുഡിഎഫ് വിശ്വസിക്കുന്നത്.

സംസ്ഥാന പൊലീസ് സേനയിലും വിഎസിനെതിരെ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വഴിവിട്ട നീക്കങ്ങള്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ ലിസ്‌റ്റ് വി എസിന്റെ പക്കല്‍ ഉണ്ടെന്നും ഭരണം മാറിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന ഭയവുമാണ് പൊലീസ് സേനയിലെ ഒരു വിഭാഗത്തെ കുഴയ്‌ക്കുന്നത്. ഭരണം മാറാന്‍ ഏറെ സാധ്യതകള്‍ ഉള്ളതിനാല്‍ വിഎസ് മുഖ്യമന്ത്രിയാകാതിരിക്കണമെങ്കില്‍ അദ്ദേഹം മലമ്പുഴയില്‍ പരാജയപ്പെടണം. ഇതിനായി സര്‍വ്വ മാര്‍ഗങ്ങളും തേടുകയാണ് ഇവര്‍.

നാല്‌ ഐപിഎസ്‌. ഉദ്യോഗസ്‌ഥരുടെ മേല്‍നോട്ടത്തില്‍ രൂപികരിച്ച സെല്ലാണ് മലമ്പുഴയില്‍ വി എസിന്റെ തോല്‍‌വിക്കായി പ്രവര്‍ത്തിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇവരെ സഹായിക്കാന്‍ 12 ഡിവൈഎസ്‌പിമാരുമുണ്ട്. താഴെത്തട്ടിലുള്ള ചില ഉദ്യോഗസ്ഥരെയും ഇതിനായി ഉപയോഗിക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്.

വിഎസിനെക്കാളും ഭയക്കേണ്ട വ്യക്തി സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം പിണറായി വിജയന്‍ ആണെന്നും അതിനാല്‍ ടിപി വധവുമായി ബന്ധപ്പെട്ട ഉന്നതതല ഗൂഢാലോചനയില്‍ അദ്ദേഹത്തിന് പങ്കുള്ളതായി വരുത്തി തീര്‍ക്കാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്. മന്ത്രിസഭയിലെ ഒരു അംഗമാണ് ഈ നീക്കങ്ങള്‍ക്ക് ചരട് വലിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇത്തരമൊരു സെല്ലിനെക്കുറിച്ചു ധാരണയില്ലെന്നാണ്‌ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നും ലഭിക്കുന്ന വിശദീകരണം.
 
Next Article