ചാനൽ ചർച്ചയ്‌ക്കിടെ മതസ്‌പർധ വളർത്താൻ ശ്രമം; ചാനൽ അവതാരകൻ വേണു ബാലകൃഷ്‌ണനെതിരെ പൊലീസ് കേസെടുത്തു

Webdunia
വ്യാഴം, 5 ജൂലൈ 2018 (07:59 IST)
ചാനൽ ചർച്ചയ്‌ക്കിടെ മതസ്‌പർധ വളർത്താൻ ശ്രമിച്ചെന്ന പരാതിയിൽ മാതൃഭൂമി ചാനൽ അവതാരകൻ വേണു ബാലകൃഷ്‌ണനെതിരെ പൊലീസ് കേസെടുത്ത്. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍ ബിജു സിറ്റി പൊലീസ് കമീഷണര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
 
മാതൃഭൂമി ചാനലില്‍ ജൂണ്‍ ഏഴിന് സംപ്രേഷണം ചെയ്ത ന്യൂസ് അവര്‍ ഡിബേറ്റില്‍ വേണു നടത്തിയ പരാമര്‍ശങ്ങളാണ് കേസിലേക്ക് നയിച്ചത്. രണ്ടു വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ ഒരു വിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തി സമൂഹത്തില്‍ മതസ്പര്‍ധയും വര്‍ഗീയതയും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. 
 
ഇന്ത്യന്‍ ശിക്ഷാ നിയമം 153എ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവും മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റകൃത്യമാണിതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന സിഡി സഹിതമാണ് പരാതി നല്‍കിയത്. ആര്‍ ബിജുവിന്റെ മൊഴിയെടുത്ത ശേഷമാണ് കൊല്ലം എസിപി പ്രദീപ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article