ചെന്നിത്തല എന്തിനാണ് സതീശനെ പേടിക്കുന്നത്?

Webdunia
ശനി, 22 മെയ് 2021 (10:03 IST)
പ്രതിപക്ഷ നേതാവിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. വി.ഡി.സതീശനെയും രമേശ് ചെന്നിത്തലയെയും പിന്തുണച്ച് മറ്റ് നേതാക്കള്‍ രണ്ട് ചേരികളായി നില്‍ക്കുകയാണ്. പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറാന്‍ പറ്റില്ലെന്ന് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പിന്തുണയുണ്ടെങ്കിലും യുവനേതാക്കള്‍ വി.ഡി.സതീശനെ പ്രതിപക്ഷ നേതാവ് ആക്കണമെന്ന് ആവശ്യപ്പെടുന്നത് ചെന്നിത്തലയ്ക്ക് വന്‍ തിരിച്ചടിയായി. നാണംകെട്ട തോല്‍വിയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ടതെങ്കിലും ഒരു അവസരം കൂടി തനിക്ക് വേണമെന്ന് ചെന്നിത്തല ആവശ്യപ്പെടാന്‍ തക്കതായ ചില കാരണങ്ങളുണ്ട്. 
 
മുഖ്യമന്ത്രിക്കുപ്പായം തയ്ച്ചുവച്ചിരിക്കുന്ന നേതാവാണ് ചെന്നിത്തല. ഭരണമാറ്റമുണ്ടാകുമെന്നും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ സാധിക്കുമെന്നും ചെന്നിത്തല വിശ്വസിച്ചിരുന്നു. എന്നാല്‍, ചരിത്രത്തില്‍ ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ ഒരു സര്‍ക്കാരിന് കേരളത്തില്‍ ഭരണത്തുടര്‍ച്ച ലഭിച്ചു. യുഡിഎഫിന് പ്രതിപക്ഷത്ത് തുടരേണ്ടിവന്നു. ഇത് ചെന്നിത്തലയെ ഞെട്ടിച്ചു. മുഖ്യമന്ത്രിക്കസേരയിലേക്ക് എത്താന്‍ ഇനിയും അഞ്ച് വര്‍ഷം കാത്തിരിക്കണമെന്ന് ചെന്നിത്തലയ്ക്ക് മനസിലായി. അതിനിടയിലാണ് കോണ്‍ഗ്രസില്‍ നേതൃമാറ്റ മുറവിളികള്‍ ഉയര്‍ന്നത്. ഇങ്ങനെയൊരു നീക്കം ചെന്നിത്തല പ്രതീക്ഷിച്ചിരുന്നില്ല. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നേക്കാമെന്നും തനിക്ക് തല്‍സ്ഥാനത്ത് തുടരാന്‍ സാധിക്കുമെന്നും ചെന്നിത്തല വിശ്വസിച്ചിരുന്നു. 
 
വി.ഡി.സതീശന്‍ പ്രതിപക്ഷ നേതാവ് ആയാല്‍ 2026 ല്‍ യുഡിഎഫ് അധികാരത്തിലെത്തിയാലും ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാന്‍ സാധിക്കില്ല. യുവ നേതാക്കളുടെ കൂടി പിന്തുണ ഉള്ളതിനാല്‍ സതീശന്‍ മുഖ്യമന്ത്രിക്കസേരയിലേക്ക് എത്തിയേക്കാം. ഇതാണ് ചെന്നിത്തലയുടെ വേവലാതിക്ക് കാരണം. ഇപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം വിട്ടുനല്‍കിയാല്‍ അത് തന്റെ രാഷ്ട്രീയ ഭാവിക്ക് തന്നെ വലിയ തിരിച്ചടിയാകുമെന്നും ചെന്നിത്തല വിചാരിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article