തൊണ്ടര്‍നാട് ക്ലസ്റ്ററില്‍ കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിലും കാലവര്‍ഷം ശക്തമായ സാഹചര്യത്തിലും കുറ്റ്യാടി ചുരം ഗതാഗതത്തിനു തുറന്നു കൊടുക്കും. എന്നാല്‍ കുറ്റ്യാടി ഉള്‍പ്പെടെ ഒരു ചുരത്തിലൂടെയും രാത്രി യാത്ര അനുവദിക്കില്ല. അപകട സാധ്യത നിലനില്‍ക്കുന്നതിനാലാണ് വൈകിട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ ഗതാഗത നിരോധനമുള്ളത്.
കാലവര്‍ഷക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയില്‍ 1216 കുടുംബങ്ങളിലെ 4206 പേരെ 79 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഇടപെടലില്‍ മറ്റ് വീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചത് 3009 കുടുംബങ്ങളിലെ 10,555 പേരെ. ദുരന്ത സാധ്യതാ മേഖലകളില്‍ കഴിയുന്ന 2872 കുടുംബങ്ങളിലെ 9420 പേരെ ബന്ധുവീടുകളിലേക്കും 137 കുടുംബങ്ങളിലെ 548 പേരെ വാടക വീടുകളിലേക്കുമാണ് മാറ്റി താമസിപ്പിച്ചത്. 587 പേരെ വൃദ്ധ സദനത്തിലേക്ക് മാറ്റി.