വരാപ്പുഴ കസ്‌റ്റഡി മരണം: പ്രതികളായ പൊലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു

Webdunia
ബുധന്‍, 26 ഡിസം‌ബര്‍ 2018 (16:21 IST)
വരാപ്പുഴയില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസിലെ പ്രതികളായ എല്ലാ പൊലിസുകാരെയും സര്‍വീസില്‍ തിരിച്ചെടുത്തു. ക്രൈംബ്രാഞ്ചാണു പ്രതികളെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ നൽകിയത്.

സിഐ ക്രിസ്പിന്‍ സാം, എസ്ഐ ദീപക്, എഎസ്ഐ ജനാര്‍ദ്ദനന്‍, ഗ്രേഡ് എഎസ്ഐ സുധീര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷ് ബേബി, സിവില്‍ പൊലീസ് ഓഫിസര്‍ ശ്രീരാജ്, സുനില്‍കുമാര്‍ എന്നിവരെയാണ് തിരിച്ചെടുത്തത്.

കൊച്ചി ഐജി വിജയ് സാഖറെയാണ് സസ്‌പെൻഷൻ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. കേസ് അന്വേഷണം അവസാനിച്ചതിനാലാണ് ഇവരെ തിരിച്ചെടുക്കുന്നതെന്ന് ഐജിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഒമ്പത് മാസത്തെ സസ്പെൻഷന് ശേഷമാണ് ഇവരെ തിരിച്ചെടുത്തത്.  

ക്രിസ്പിന്‍ സാം ഒഴികെയുള്ള പൊലീസുകാര്‍ക്ക് എറണാകുളം റൂറലിലാണ് പോസ്‌റ്റിംഗ്. ഇവര്‍ ജില്ലാ പൊലീസ് മേധാവിക്ക് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യണം. ക്രിസ്പിന്‍ സാമിനോട് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വരാപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസില്‍ 2018 ഏപ്രില്‍ ആറിനു രാത്രി 10.30ന് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് പൊലീസിന്റെ ക്രൂരമര്‍ദനത്തില്‍ മരിക്കുകയായിരുന്നു. അടിവയറ്റിലേറ്റ ചവിട്ടായിരുന്നു മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

സംഭവത്തില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജ് ഉള്‍പ്പെടെ 11 പൊലീസ് ഉദ്യോഗസ്ഥരെ വകുപ്പുതല നടപടികളുടെ ഭാഗമായി സസ്പെന്‍ഡ് ചെയ്യുകയും ഒന്‍പതു പേരെ പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article