മണ്ഡല മകരവിളക്ക് ഉൽസവത്തോടനുബന്ധിച്ച് നട തുറക്കുന്നത് 64 ദിവസം; വൻ സുരക്ഷയൊരുക്കി സർക്കാരും പൊലീസും

ബുധന്‍, 14 നവം‌ബര്‍ 2018 (07:42 IST)
ശബരിമലയിൽ യുവതീ പ്രവേശത്തിന്റെ മുൻ ഉത്തരവ് സ്‌റ്റേ ചെയ്യാൻ കോടതി വിസമ്മതിച്ചതോടെ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ അയ്യപ്പ ദർശനത്തിനെത്തുന്ന യുവതികൾക്ക് സർക്കാർ സുരക്ഷ ഒരുക്കേണ്ടിവരും. തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ടത്തിരുനാളിനും പ്രതിഷേധക്കാരെ നേരിട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് ഇതൊരു വെല്ലുവിളിയാകും എന്നതിൽ സംശയമില്ല.
 
മണ്ഡല മകരവിളക്ക് ഉൽസവത്തോടനുബന്ധിച്ച് ഈ മാസം 16ന് തുറക്കുന്ന നട ഡിസംബർ 27നാണ് തുറക്കുക. അതായത് നീണ്ട 64 ദിവസമാണ് നട തുറക്കാൻ പോകുന്നത്. നട അടച്ച് രണ്ട് ദിവസം കഴിഞ്ഞതിന് ശേഷം മാത്രമേ കേസ് കോടതിയിൽ പരിഗണിക്കുകയുള്ളൂ.
 
കഴിഞ്ഞ തവണ 2800 പൊലീസുകാരെ വിന്യസിച്ച ശബരിമലയിൽ ഇത്തവണ വൻ സുരക്ഷയൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ പതിനായിരത്തിന് മുകളില്‍ പൊലീസുകാര്‍ ശബരിമലയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുണ്ടാകും. 
 
5 ഘട്ടങ്ങളായാണു പൊലീസിനെ വിന്യസിക്കുന്നത്. ഈ മാസം 14 മുതല്‍ 30 വരെയാണ് ആദ്യഘട്ടം. 30 മുതല്‍ ഡിസംബര്‍ 14 വരെ രണ്ടാംഘട്ടം. 14 മുതല്‍ 29 വരെ മൂന്നാംഘട്ടം. 29 മുതല്‍ ജനുവരി 16 വരെ നാലാംഘട്ടം. 16 മുതല്‍ 20 വരെ അഞ്ചാംഘട്ടം. അതോടൊപ്പം തന്നെ പമ്പയിലും സന്നിധാനത്തും കൂടുതല്‍ സിസിടിവി ക്യാമറകള്‍ ബോര്‍ഡിന്റെ സഹായത്തോടെ സ്ഥാപിക്കുന്നതു പുരോഗമിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍