തീരുമാനത്തില്‍ മാറ്റമില്ല; മല ചവിട്ടാനുറച്ച് തൃപ്തി ദേശായി - തിയതി നാളെ അറിയിക്കും
ചൊവ്വ, 13 നവംബര്‍ 2018 (17:56 IST)
മണ്ഡല കാലത്തിന്റെ ആദ്യ ആഴ്ചയിൽ ശബരിമലയില്‍ എത്തുമെന്ന് ആക്ടിവിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ തൃപ്തി ദേശായി. ശബരിമല സന്ദർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും തീയതി നാളെ പ്രഖ്യാപിക്കുമെന്നും അവര്‍ പറഞ്ഞു.
മണ്ഡലകാലത്ത് ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. പതിനേഴാം തിയതി കഴിഞ്ഞ് ദര്‍ശനത്തിന് എത്തുമെന്നാണ് അന്ന് അവര്‍ വ്യക്തമാക്കിയിരുന്നത്.
ശബരിമലയിൽ ഭക്തർക്ക് സുരക്ഷ ഒരുക്കുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടുവെന്ന് ആരോപിച്ച അവര്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ സൌകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ശബരിമലയിൽ യുവതീ പ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സുപ്രീംകോടതി സ്‌റ്റേ നല്‍കിയില്ല. ഇതോടെ ഈ മണ്ഡലകാലത്ത് യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം.
വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട്, റിവ്യൂ ഹർജികൾ 2019 ജനുവരി 22ന് തുറന്ന കോടതിയിൽ വാദം കേൾക്കാനും കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് തീരുമാനമെടുത്തത്.
ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന് കഴിഞ്ഞ സെപ്റ്റംബർ 28നാണ് ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷവിധിയിൽ വ്യക്തമാക്കിയത്.