അനസ്‌തീഷ്യ നൽകിയ പെൺകുട്ടിക്ക് മൂന്നാഴ്‌ചയായിട്ടും ബോധം തെളിഞ്ഞില്ല; ഡോക്‌ടർമാര്‍ക്കെതിരെ കേസ് - സംഭവം തൃശൂരിൽ
ചൊവ്വ, 13 നവംബര്‍ 2018 (17:22 IST)
അനസ്‌തീഷ്യ നല്‍കിയ പെൺകുട്ടിക്ക് മൂന്നാഴ്‌ചയായിട്ടും ബോധം തിരിച്ചു കിട്ടിയില്ല. തൃശൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാലക്കുടി സ്വദേശിനി അനീഷയാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്‍ടര്‍മാര്‍ക്കെതിരെ കേസെടുത്തു.
ഡോക്‌ടർമാരായ ബാലകൃഷ്ണൻ, ജോബി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അനസ്‌തീഷ്യ നല്‍കിയതില്‍ ഡോക്‌ടർമാര്‍ക്ക് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മുതുകിൽ കാണപ്പെട്ട തടിപ്പ് പരിശോധിക്കാന്‍ എത്തിയ അനീഷയോട് ശസ്‌ത്രക്രീയ ഉടന്‍ വേണമെന്ന് ഡോക്‍ടര്‍മാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയും കുടുംബവും ശസ്‌ത്രക്രീയയ്‌ക്ക് ഒരുങ്ങി എത്തുകയും ചെയ്‌തു.
ശസ്‌ത്രക്രിയയ്‌ക്ക് മുമ്പായി അനസ്‌തീഷ്യ നൽകിയതോടെ അനീഷ ബോധരഹിതയാവുകയും കൈ തടിച്ചു വീർക്കുകയും ചെയ്‌തു. എന്നാല്‍ ഇത് അവഗണിച്ച് ഡോക്‌ടർമാർ ശസ്ത്രക്രിയ നടത്തിയതാണ് യുവതിയുടെ നില തകരാറിലാകാന്‍ കാരണമായത്.
അതേസമയം തങ്ങളുടെ ഭാഗത്ത് യാതൊരു പിഴവുമില്ലെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.