Valapattanam Theft: മുണ്ട് മാത്രം ധരിക്കുന്ന ലിജേഷ് മോഷണത്തിനു വേണ്ടി പാന്റ്‌സ് ധരിച്ചു, കുടുങ്ങിയത് സെര്‍ച്ച് ഹിസ്റ്ററിയില്‍; വളപട്ടണം മോഷണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് !
Valapattanam Theft: കണ്ണൂര്‍ വളപട്ടണം മോഷണ കേസില്‍ പിടിയിലായ ലിജേഷ് പൊലീസിനെ കബളിപ്പിക്കാന്‍ കൗശലപൂര്‍വ്വം ശ്രമിച്ചു. വളപട്ടണത്തെ അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവുമാണ് കഴിഞ്ഞ മാസം 20 ന് അയല്‍വാസി കൂടിയായ ലിജേഷ് കവര്‍ന്നത്. ജനലിന്റെ മരത്തടിയില്‍ ഉളി ഉപയോഗിച്ച് ഗ്രില്‍ പിഴുതെടുത്താണ് ലിജേഷ് വീടിനുള്ളില്‍ കയറിയത്.
നവംബര്‍ 20 ന് രാത്രി എട്ടിനും 8.45 നും ഇടയിലായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പാന്റ്‌സ് ധരിച്ചയാളാണ് മോഷ്ടാവെന്ന് പൊലീസിനു വ്യക്തമായി. പ്രതിയായ ലിജേഷ് പൊതുവെ പാന്റ്‌സ് ധരിക്കാറില്ല. മുണ്ട് മാത്രം ധരിക്കുന്ന ലിജേഷ് മോഷണത്തിനായി പാന്റ്‌സ് ധരിക്കുകയായിരുന്നു. പൊലീസിനെ കബളിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെ ചെയ്തത്.
അഷ്‌റഫിന്റെ വീട്ടിലെ ഒരു സിസിടിവിയില്‍ അന്നു രാത്രി 9.30ന് ലിജേഷ് മുണ്ടുടുത്ത് റോഡിലൂടെ പോകുന്ന ദൃശ്യമുണ്ട്. അതു താനാണെന്നും മരുന്നുവാങ്ങാന്‍ പോയതാണെന്നും പൊലീസിനോടു ലിജേഷ് സമ്മതിക്കുകയും ചെയ്തു. മുണ്ട് ഒഴിവാക്കി പാന്റ്‌സ് ധരിച്ച് അന്വേഷണ സംഘത്തെ കബളിപ്പിക്കാന്‍ നോക്കിയ ലിജേഷ് ഫോണിലെ സെര്‍ച്ച് ഹിസ്റ്ററിയിലാണ് ഒടുവില്‍ കുടുങ്ങിയത്. സെര്‍ച്ച് ഹിസ്റ്ററിയില്‍ അധികവും മോഷണവുമായി ബന്ധപ്പെട്ടതായിരുന്നു. മോഷണം നടന്ന അന്നും അടുത്തദിവസവും രാത്രി ഒന്‍പത് മുതല്‍ അടുത്തദിവസം രാവിലെ പത്ത് വരെ ഇയാളുടെ ഫോണിലേക്ക് കോളൊന്നും വന്നിരുന്നില്ല. എന്നാല്‍ ട്രാവല്‍ ഹിസ്റ്ററി കൃത്യമായി കാണിക്കുന്നുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ ഫ്‌ളൈറ്റ് മോഡില്‍ ഇട്ടതാകുമെന്ന് പൊലീസിനു വ്യക്തമായി.
അഷ്റഫും കുടുംബവും യാത്ര പോയ സമയത്താണ് മോഷണം നടന്നത്. വീട്ടുകാര്‍ പുറത്തുപോയ കാര്യം കൃത്യമായി അറിയുന്ന ആളാണ് മോഷണം നടത്തിയതെന്ന് പൊലീസിനു ഉറപ്പായിരുന്നു. കവര്‍ച്ച നടത്തിയ തൊട്ടടുത്ത ദിവസവും കള്ളന്‍ ഇതേ വീട്ടില്‍ കയറിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ കവര്‍ച്ചയ്ക്കു പിന്നില്‍ പ്രൊഫഷണല്‍ സംഘമല്ലെന്നു പൊലീസ് നിഗമനത്തില്‍ എത്തിയിരുന്നു. മോഷണം നടന്ന് പത്ത് ദിവസത്തിനു ശേഷമാണ് പ്രതി പൊലീസിന്റെ പിടിയിലാകുന്നത്.
സുഹൃത്തുക്കളുടെ ഉള്‍പ്പെടെ ഫോണ്‍ കോളുകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതിയായ ലിജേഷിലേക്ക് എത്തുന്നത്. ഇയാളുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മോഷണം നടന്ന ദിവസവും തലേന്നും ലിജേഷ് അഷ്റഫിന്റെ വീട്ടില്‍ എത്തിയിരുന്നു. കവര്‍ച്ച നടത്തിയത് താന്‍ തന്നെയാണെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു. പ്രതിയുടെ വീട്ടില്‍ നിന്ന് മോഷണം പോയ പണവും സ്വര്‍ണവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വീട്ടില്‍ കയറിയ ശേഷം നേരെ കിടപ്പുമുറിയിലെ ലോക്കര്‍ തപ്പിയാണ് കള്ളന്‍ പോയത്. ഇതില്‍ നിന്നാണ് പ്രതി കുടുംബവുമായി വളരെ അടുത്ത ആളാണെന്ന് പൊലീസ് മനസിലാക്കിയത്. കഴിഞ്ഞ മാസം 19 ന് വീടുപൂട്ടി മധുരയില്‍ കല്യാണത്തിനു പോയ അഷ്റഫും കുടുംബവും 24 നു തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.