വാളകം സംഭവത്തില്‍ അപകീര്‍ത്തികരമായ പ്രസംഗം; പിള്ളയ്ക്ക് നോട്ടീസ്

Webdunia
വെള്ളി, 7 ഓഗസ്റ്റ് 2015 (12:23 IST)
വാളകം സംഭവത്തെക്കുറിച്ച് അപകീര്‍ത്തികരമായ പ്രസംഗം നടത്തിയ കേസില്‍ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബാലകൃഷ്‌ണ പിള്ളയ്ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അധ്യാപകനും കുടുംബത്തിനും അപകീര്‍ത്തിയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നായിരുന്നു കേസ്.
 
വാളകം കേസിലെ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ഭാര്യ ഗീത സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ നിര്‍ദ്ദേശം. നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. നേരത്തെ ഇതേ കേസില്‍ ബാലകൃഷ്ണപിള്ള കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഇളവ് വാങ്ങിയിരുന്നു. ഇത് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പുതിയ നിര്‍ദ്ദേശം.
 
കേസ് കൊട്ടാരക്കര കോടതിയില്‍ തന്നെ തുടരാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജയില്‍മോചിതനായ പിള്ളയ്ക്ക് കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്വീകരണ യോഗത്തിലാണ് അപകീര്‍ത്തികരമായ പ്രസംഗം നടത്തിയത്.
 
കൃഷ്ണകുമാറിനെ വളര്‍ത്തിയത് താനാണെങ്കില്‍ തളര്‍ത്താനും അറിയാമെന്നും ഉമിത്തീയില്‍ നീറ്റുന്നതുപോലെ നീറ്റാനറിയാമെന്നും മനുഷ്യത്വമുള്ളതുകൊണ്ട് ശാരീരികമായി ഉപദ്രവിച്ചില്ലെന്നും അതിന്റെ ആവശ്യമില്ലെന്നുമായിരുന്നു പിള്ളയുടെ പ്രസംഗം. അധ്യാപകനെ പരിശോധിച്ച വനിത ഡോക്‌ടര്‍ക്കെതിരെയും അധ്യാപകന്റെ ഭാര്യയ്ക്ക് എതിരെയും പ്രസംഗത്തില്‍ പിള്ള മോശമായ പരാമര്‍ശം നടത്തിയിരുന്നു.