എന്‍സിപിയിലെ പ്രശ്‌നങ്ങളില്‍ മനംനൊന്ത് പാര്‍ട്ടി നേതൃസ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ അന്തരിച്ച സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ തയ്യാറെടുത്തിരുന്നതായി വെളിപ്പെടുത്തല്‍. അദ്ദേഹത്തിന്റെ സന്തതസഹചാരിയായ സതീഷ് കല്ലങ്കോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അവസാന കാലത്ത് ഉഴവൂര്‍ മനപ്രയാസത്തിലായിരുന്നു. പാര്‍ട്ടിയിലെ ചില നേതാക്കള്‍ കുടുംബത്തെ ചേര്‍ത്തുന്നയിച്ച ആരോപണങ്ങള്‍ അദ്ദേഹത്തെ ശാരീരികമായി തളര്‍ത്തി. കടുത്ത ഭാഷയിലാണ് പലരും അദ്ദേഹത്തെ അധിക്ഷേപിച്ചത്. അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാന്‍ സുൾഫിക്കർ മയൂരി ഫോണിൽ വിളിച്ചു സംസാരിച്ചതിനു പിന്നാലെ അദ്ദേഹം കുഴഞ്ഞുപോയി. തുടർന്നു താൻ ആശുപത്രിയിൽ എത്തിച്ചതായും സതീഷ് കല്ലക്കോട് പറഞ്ഞു.
താൻ ഹൃദ്രോഗബാധിതനാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി താനായിരിക്കുമെന്നും മയൂരിയോട് വിജയൻ ഫോണിലൂടെ പറഞ്ഞിരുന്നു. മുൻപ് ഉണ്ടായിരുന്ന പലവിധ അസുഖങ്ങള്‍ വഷളായത് ഇതിനെ തുടര്‍ന്നാണ്. കുടുംബത്തെച്ചേര്‍ത്തുന്നയിച്ച് ആരോപണങ്ങള്‍ അദ്ദഹേത്തെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും സതീഷ് കല്ലക്കോട് വെളിപ്പെടുത്തുന്നു.