ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ യു.ആര്‍.പ്രദീപ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. നിലവില്‍ കേരള സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആണ്. യു.ആര്‍.പ്രദീപിന്റെ പേര് മാത്രമാണ് തൃശൂര്‍ ജില്ലാ കമ്മിറ്റി സിപിഎം സംസ്ഥാന സമിതിക്ക് മുന്‍പാകെ നിര്‍ദേശിച്ചത്. ഇതിനു സംസ്ഥാന സമിതി അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
2016 ല്‍ 10,200 വോട്ടുകള്‍ക്കാണ് യു.ആര്‍.പ്രദീപ് ചേലക്കരയില്‍ നിന്ന് ജയിച്ചത്. അന്ന് കോണ്‍ഗ്രസിന്റെ കെ.എ.തുളസിയെയാണ് പ്രദീപ് പരാജയപ്പെടുത്തിയത്. പട്ടികജാതി സംവരണ മണ്ഡലമാണ് ചേലക്കര. എം.എല്‍.എ ആയിരുന്ന കെ.രാധാകൃഷ്ണന്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചതിനെ തുടര്‍ന്നാണ് ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.
മുന്‍ എംപി രമ്യ ഹരിദാസ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ആലത്തൂര്‍ ലോക്‌സഭാ സീറ്റില്‍ കെ.രാധാകൃഷ്ണനോടു തോല്‍വി വഴങ്ങിയ രമ്യയെ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. 2021 ല്‍ 39,400 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.രാധാകൃഷ്ണന്‍ ചേലക്കരയില്‍ ജയിച്ചത്.