സംസ്ഥാനത്തെ ടൂറിസം മേഖലയുടെ നട്ടെല്ലൊടിച്ചത് മദ്യനയമോ ?

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2016 (20:28 IST)
ഭരണം നഷ്‌ടമായിട്ടും മദ്യനയത്തില്‍ യുഡിഎഫില്‍ കലഹം സജീവമായി തുടരുകയാണ്. മദ്യനയം സ്ഥാനത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്ന് പ്രതിപക്ഷം അവകാശപ്പെടുമ്പോഴും ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന് വിദേശ ടൂറിസ്റ്റുകളാല്‍ പ്രകീര്‍ത്തക്കപ്പെടുന്ന കേരളത്തിലെ വിനോദ സഞ്ചാര രംഗത്ത് വന്‍ തകര്‍ച്ച ഉണ്ടാകുന്നത് അവഗണിക്കാന്‍ കഴിയാത്ത വസ്‌തുതയാണ്.

സംസ്ഥാനത്തെ ടൂറിസം മേഖല തകര്‍ന്നുവെന്ന് എക്‍സൈസ് മന്ത്രി ടിപി രാമകൃഷ്‌ണന്‍ വ്യക്തമാക്കിയതില്‍ അതിശയപ്പെടേണ്ടതായിട്ടൊന്നുമില്ല. കേരളത്തില്‍ പുതിയ മദ്യനയം പ്രാബല്യത്തില്‍ വന്നതോടെ ടൂറിസം വരുമാനത്തില്‍ പെട്ടെന്ന് ആറുശതമാനത്തിന്റെ ഇടിവുണ്ടായെന്നാണു പഠനഫലം. ഇതിനൊപ്പം നിരവധിയാളുകള്‍ക്ക് തൊഴില്‍ നഷ്‌ടമാകുകയും ചെയ്‌തിട്ടുണ്ട്.

15 ലക്ഷത്തിലേറെ പേര്‍ക്കു തൊഴില്‍ നല്‍കുന്ന കേരള ടൂറിസത്തിന്റെ തളര്‍ച്ചയ്ക്കു കാരണമായത് പുതിയ മദ്യനയമാണ്. ശ്രീലങ്ക, ഗോവ പോലെ അയല്‍ ടൂറിസം കേന്ദ്രങ്ങളില്‍ നിന്നുള്ള കടുത്ത മല്‍സരമാണ് കേരളം അന്നും ഇന്നും നേരിടുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്‌റ്റുകള്‍ ഇപ്പോള്‍ കേരളത്തിനോട് പഴയ സ്‌നേഹം കാണിക്കാറില്ല. മദ്യം ജീവിതത്തിന്റെ ഭാഗമാക്കിയ യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് ഇവ ഒഴിവാക്കി നിര്‍ത്തിയുള്ള വിനോദ നിമിഷങ്ങള്‍ ഇഷ്‌ടപെടുന്നില്ല.

മൈസ് ടൂറിസത്തില്‍ ഉല്ലാസം പ്രധാന ഘടകമാണ്. എക്‌സൈസ് നയം മൂലം ഉല്ലാസം ഇല്ലാതാവുമെന്ന ധാരണ പരന്നത് ബുക്കിങ്ങുകള്‍ വന്‍തോതില്‍ റദ്ദാകാന്‍ കാരണമായി. വിദേശ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന ഹോട്ടലുകളില്‍ ഇന്ന് തിരക്ക് കുറവാണ്. മാത്രമല്ല ദേശീയ, രാജ്യാന്തര സമ്മേളനങ്ങള്‍ക്കായി കേരളത്തെ പരിഗണിക്കാതെയായി. എക്‌സൈസ് നയത്തിലെ പാളിച്ചയ്ക്കു പുറമേ ഉയര്‍ന്ന നികുതികള്‍ ഉണ്ടാക്കുന്ന അധികച്ചെലവും മല്‍സരത്തില്‍ കേരളം പിന്തള്ളപ്പെടാന്‍ ഇടയാക്കുന്നുണ്ട്.

കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളിൽ കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനത്തോളം കുറവാണ്‌ ഇത്തവണ ദൃശ്യമായത്‌. ആഭ്യന്തര സഞ്ചാരികളിൽ അമ്പത്‌ ശതമാനത്തോളം വർധനവ്‌ ഉണ്ടായെങ്കിലും മദ്യനയം തിരിച്ചടിയാവുകയായിരുന്നു. മദ്യനയം മൂലം പ്രതിസന്ധിയിലായ മറ്റൊരു മേഖലയാണ് ഹൗസ്ബോട്ട്‌.

2014ൽ 60,337 വിദേശികളും 2,46,156 ആഭ്യന്തര സഞ്ചാരികളുമാണ്‌ ആലപ്പുഴയിൽ ഹൗസ്‌ ബോട്ട്‌ യാത്രയ്ക്കായി എത്തിയത്‌. 2013 ൽ വിദേശികളുടെ വരവിൽ 10 ശതമാനവും 2012 ൽ 10.30 ശതമാനവും വളർച്ച രേഖപ്പെടുത്തിയിരുന്നു. എന്നാൽ 2014 ൽ ഇത്‌ ഗണ്യമായി കുറഞ്ഞു. കർണ്ണാടക, തമിഴ്‌നാട്‌, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിനോദ സഞ്ചാരികളുടെ വരവില്‍ കനത്ത ഇടിവാണ് തുടരുന്നത്.  

കശ്മീര്‍ ടൂറിസം വികസിപ്പിക്കുവാന്‍ കൂടുതല്‍ ബാറുകള്‍ അനുവദിക്കണമെന്ന് കേന്ദ്രമന്ത്രി ഫറൂഖ് അബ്ദുല്ല പരസ്യമായി പാര്‍ലമെന്റില്‍ ആവശ്യമുന്നയിക്കുമ്പോള്‍ ആണ് കേരളത്തില്‍ മദ്യനയം ആഘോഷമാകുന്നത്. ദേശിയ മാധ്യമങ്ങളിൽ പോലും മദ്യനയം വാര്‍ത്തയായതോടെ ശ്രീലങ്ക, സിംഗപൂർ, മലേഷ്യ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ആളുകള്‍ പോകാനും തുടങ്ങി. സംസ്ഥാനത്തിന് കൂടുതല്‍ വിദേശനാണ്യം നേടിത്തരുന്ന ടൂറിസം മേഖലയില്‍ മദ്യനയം പോളിച്ചെഴുതേണ്ടത് അനിവാര്യമാണെന്നതില്‍ സംശയിക്കേണ്ടതില്ല.
Next Article