യുഡിഎഫിനെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്പി രംഗത്ത്. യുഡിഎഫില്‍ കൂടിയാലോചനകളില്ലെന്നും ഒന്നോ രണ്ടോ പാര്‍ട്ടികളാണ് തീരുമാനങ്ങളെല്ലാം എടുക്കുന്നതെന്നും ആര്‍എസ്പി ആരോപിച്ചു. ഇത്തരത്തില്‍ മുന്നൊട്ട് പോവുകയാണെങ്കില്‍ മുന്നണി ബന്ധം പുനഃപരിശോധിക്കുമെന്ന മുന്നറിയിപ്പിം ആര്‍എസ്‌പി നല്‍കിയിട്ടുണ്ട്.
ഇന്നു തിരുവനന്തപുരത്ത് ചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് വിമര്‍ശനം. ഏകപക്ഷീയ നീക്കം തുടര്‍ന്നാല്‍ മുന്നണി ബന്ധം ശിഥിലമാകും. അടുത്തിടെ തീരുമാനമെടുത്ത മദ്യനയം ഉള്‍പ്പെടെയുള്ള സുപ്രധാന കാര്യങ്ങളില്‍ പോലും ആര്‍എസ്പിയുടെ അഭിപ്രായം ചോദിച്ചില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
ദേവസ്വം ബോര്‍ഡില്‍ അര്‍ഹമായ സ്ഥാനം നല്‍കിയില്ല. എല്‍ഡിഎഫിലായിരുന്നപ്പോള്‍ ദേവസ്വം ബോര്‍ഡില്‍ സ്ഥാനം നല്‍കിയിരുന്നു. കൂടാതെ ദേശീയ ഗെയിംസില്‍ ആര്‍എസ്പിയുടെ ദേശീയ നേതാവായ ചന്ദ്രചൂഡനു പോലും പ്രവേശന പാസ് നല്‍കിയില്ല. പുതിയ പഞ്ചായത്തുകളില്‍ അര്‍ഹമായ സ്ഥാനം നല്‍കുന്നില്ല തുടങ്ങിയ കാര്യങ്ങളില്‍ പരിഹാരമുണ്ടായില്ലെന്നും യോഗത്തില്‍ അഭിപ്രായമുണര്‍ന്നു.