സംസ്ഥാനത്ത് ട്രോളിംഗ് നിരോധിച്ചതോടെ മീൻവിൽപ്പനയും കുറയേണ്ടതാണ്. എന്നാൽ വിപണിയിൽ മീനുകൾ സുലഭമാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മത്സ്യങ്ങളാണ് വിപണികളിൽ ഉള്ളതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.
ട്രോളിംഗ് നിരോധനം നടപ്പിലാക്കിയ ഈ മാസം മീൻ വാങ്ങുമ്പോൾ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പും ആരോഗ്യ വകുപ്പ് നൽകിക്കഴിഞ്ഞു. മൂന്നും നാലും മാസങ്ങൾ പഴക്കമുള്ള മത്സ്യങ്ങൾ പോലും വിപണികളിൽ എത്തുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
രാസപദാർത്ഥങ്ങൾ ചേർത്താണ് ഇവ വിൽക്കാൻ വെക്കുന്നത്. രാസപദാർത്ഥങ്ങൾ ചേർക്കുന്നതിലൂടെ പഴക്കം അറിയില്ലെന്നും കേടാകില്ലെന്നുമുള്ളതാണ് പ്രധാന ഗുണം. ഇത്തരത്തിൽ പഴക്കം ചെന്ന മീനുകൾ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ചെക്ക് പോസ്റ്റുകള്‍ കടന്നു വരുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ നിലവില്‍ സംവിധാനം ഇല്ലെന്നതും പഴക്കമുള്ള മത്സ്യങ്ങള്‍ കേരളത്തില്‍ എത്തുന്നതിന് കാരണമാകുന്നു.