കലാഭവന്‍ മണിയുടെ മരണം കേരളാ പൊലീസ് രഹസ്യമായി കേസ് വീണ്ടും അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്. അഭിമാന പ്രശ്നമെന്ന നിലയിലും ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ കൂടിയ അളവില്‍ മെഥനോളിന്റെ അംശം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്‌തതോടെയാണ് പൊലീസ് രഹസ്യമായി കേസ് അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
മണിയുടെ മരണം സ്വാഭാവികമല്ലെന്നാണ് കേന്ദ്രലാബിലെ പരിശോധനാ ഫലം സൂചിപ്പിക്കുന്നത്. ഇതിനേത്തുടര്‍ന്ന് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചുവെങ്കിലും രഹസ്യമായി ഒരു സംഘം അന്വേഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അന്വേഷണം സിബിഐക്ക് വിടാനുള്ള ഡിജിപി ലോക്‍നാഥ് ബെഹ്‌റയുടെ ശിപാര്‍ശ ഇതുവരെയും കേന്ദ്ര പഴ്സനല്‍ മന്ത്രാലയത്തിന് അയച്ചിട്ടില്ല.
മണിയുടെ സുഹൃത്തുക്കളെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ചാണ് അന്വേഷിക്കുന്നത്. മരണ ശേഷം വീട്ടിലേക്ക് വന്ന ഊമക്കത്തുകളെ കേന്ദ്രീകരിച്ചും അന്വേഷിക്കും. ഔട്ട് ഹൌസായ പാഡിയില്‍ നടന്ന സാമ്പത്തിക ഇടപാടുകളും അവിടെ പതിവായി എത്തുന്നവരെയും അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരും. ഇവിടെവച്ച് സാമ്പത്തിക ഇടപാടുകള്‍ നടന്നിരുന്നുവെന്ന് മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്‌ണന്‍ പറഞ്ഞിരുന്നു.
മണിയുടെ മരണം കരള്‍ രോഗം മൂലമായിരുന്നു എന്നാണ് കേരളാ പൊലീസ് വ്യക്തമാക്കിയിരുന്നത്. തുടര്‍ന്ന് കേസ് എഴുതി തള്ളാനും നീക്കം നടന്നിരുന്നു. മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന് കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.
എന്നാല്‍, ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഇതു തള്ളിയിട്ടുണ്ട്. പകരം, വിഷമദ്യത്തില്‍ കാണുന്ന ഇനം മെഥനോളിന്റെ സാന്നിധ്യം കണ്ടത്തെി. ഇതോടെ കേരളാ പൊലീസിന്റെയും കാക്കനാട്ടെ ലാബിലെ പരിശോധനാ ഫലത്തിന്റെയും വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതോടെയാണ് കേസ് രഹസ്യമായി അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചത്.