ലക്ഷക്കണക്കിന് ശ്രീനാരായണ ഭക്തരുടെ പുണ്യസ്ഥലമായ ശിവഗിരിയെ തൊട്ടു കളിച്ചാല്‍ ജനരോഷം ആളിക്കത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 70 കോടി രൂപയുടെ ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി ഉപേക്ഷിച്ച കേന്ദ്ര സര്‍ക്കാര്‍ വഞ്ചനക്കെതിരെ ജിപിഒ ഓഫീസിന് മുന്നില്‍ കെ പി സി സി ഒ ബി സി ഡിപ്പാര്‍ട്ട്മെന്റ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ. സുമേഷ് അത്യുചന്റെ നേതൃത്വത്തില്‍ നടക്കുന്ന 24 മണിക്കൂര്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിവഗിരി ടൂറിസം സര്‍ക്യൂട്ട് പദ്ധതി പിന്‍വലിച്ചതിലൂടെ കേന്ദ്രം ഭരിക്കുന്ന ബിജെപിയും കോടികള്‍ ചിലവഴിച്ച ശേഷം ശിവഗിരി മഠത്തിന്റെ ഹാളിന് അനുമതി നല്‍കാത്തതിലൂടെ സംസ്ഥാന സര്‍ക്കാരും വര്‍ക്കല നഗരസഭ ഭരിക്കുന്ന സിപിഎമ്മും ശ്രീനാരായണീയരെ ദ്രോഹിക്കുന്നതില്‍ പരസ്പരം മല്‍സരിക്കുകയാണ്. 2019 ലെ പൊതു തിരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പി. നേതൃത്വത്തിന്റെ ആവശ്യപ്രകാരം അന്നത്തെ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം നടത്തിയ പദ്ധതിയാണിത്. വോട്ട് തട്ടുന്നതിനു വേണ്ടി മാത്രം ഉദ്ഘാടന മാമങ്കം നടത്തി തടിതപ്പാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയിരിക്കുന്നത്. മോദി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന പല പദ്ധതികളുടെയും അവസ്ഥ ഇതു തന്നെയാണ്. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ മറവില്‍ ഉദ്ഘാടന മാമാങ്കങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.