വ്യാജരേഖയുണ്ടാക്കി അവധി ആനുകൂല്യം നേടാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ പൊലീസ് മേധാവി ടിപി സെൻകുമാറിനെതിരായ വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അന്വേഷണം ദുരുദ്ദേശ്യപരമാണെന്ന സെൻകുമാറിന്റെ ഹർജിയിലാണു നടപടി. തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ട അന്വേഷണമാണു റദ്ദാക്കിയത്.
സെൻകുമാറിനെതിരെയുള്ള കേസിൽ സർക്കാരിന് ഇത്ര ഉത്സാഹം എന്തുകൊണ്ടാണെന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. എന്നാൽ സെൻകുമാറിനെതിരെ സർക്കാരിന് വിദ്വേഷമൊന്നും ഇല്ലെന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി.
മറ്റു കേസുകളിൽ സര്‍ക്കാര്‍ ഈ ഉത്സാഹം കാണാറില്ല. നിരവധി പ്രശ്നങ്ങളും കൊലക്കേസുകളുമൊക്കെ ഇവിടെയുണ്ടല്ലോ. സുപ്രീംകോടതി നിർദ്ദേശ പ്രകാരം സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരിച്ചെത്തിയ വ്യക്തിയെ വേട്ടയാടുകയാണോ എന്നും കോടതി ചോദിച്ചു.
അവധിക്കാലത്തെ മുഴുവൻ ശമ്പളവും ലഭിക്കുവാൻ വ്യാജ രേഖയുണ്ടാക്കിയെന്ന ആരോപണത്തിൽ സെൻകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ചീഫ് സെക്രട്ടറിയാണ് സെന്‍കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്.