എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്തു തിരിച്ചെത്തുന്നതിൽ എൻസിപിയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നു സംസ്ഥാന സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരൻ.
ശശീന്ദ്രന്റെ മന്ത്രിസഭാ പ്രവേശനത്തിന് തോമസ് ചാണ്ടിയടക്കമുള്ള എല്ലാ നേതാക്കളുടെയും പിന്തുണയുണ്ട്. ഇനി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രം മതിയെന്നും ടിപി പീതാംബരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയിലേക്ക് ആളുകള്‍ വരുന്നത് സ്വാഗതം ചെയ്യുമെങ്കിലും മന്ത്രിയാകാന്‍ ആരെയും ക്ഷണിച്ചിട്ടില്ല. കേരളാ കോണ്‍ഗ്രസ് (ബി) എന്‍സിപിയിലേക്ക് വരുന്നതിന് ഡിമാന്റുകളുണ്ടായിരുന്നില്ല. കേന്ദ്ര നേതൃത്വമാണ് ഇക്കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും ടിപി പീതാംബരൻ വ്യക്തമാക്കി.
കേരളത്തിലെ പാർട്ടിയിലെ പ്രശ്നങ്ങളും നാളത്തെ യോഗത്തിൽ തീരുമാനമാകുമെന്നും ടിപി പീതാംബരൻ കൂട്ടിച്ചേര്‍ത്തു.
മന്ത്രിസ്ഥാനം സംബന്ധിച്ച കാര്യങ്ങൾ പാർട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കട്ടെയെന്ന് എകെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിസ്ഥാനം സംബന്ധിച്ച യാതൊരു ചര്‍ച്ചയും പാര്‍ട്ടിയില്‍ നടന്നിട്ടില്ല. എല്ലാ അഭിപ്രായങ്ങളും പരിഗണിക്കും. ഫോൺകെണി കേസിൽ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് തുറന്ന് സമ്മതിക്കാൻ തനിക്ക് ഒരു മടിയുമില്ല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
മന്ത്രിപദവിയിലേക്കുള്ള മടക്കം മുൻമന്ത്രി തോമസ് ചാണ്ടിയോടും ആലോചിച്ചശേഷമേ ഉണ്ടാകുകയുള്ളു. അദ്ദേഹം ശത്രുവല്ല. പാര്‍ട്ടിയില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നു കരുതുന്നില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.