ഇനി മന്ത്രിസ്ഥാനത്തേക്ക്; ഫോൺ കെണി വിവാദത്തില്‍ എകെ ശശീന്ദ്രൻ കുറ്റവിമുക്തൻ - ഹര്‍ജി തള്ളി

ശനി, 27 ജനുവരി 2018 (16:33 IST)
ഫോൺ കെണി വിവാദത്തിൽ മുൻ മന്ത്രി എകെ ശശീന്ദ്രനെ തിരുവനന്തപുരം സിജെഎം കോടതി കുറ്റവിമുക്തനാക്കി. പരാതിയില്ലെന്ന ചാനൽ പ്രവർത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു.

കേസ് ഒത്തുതീർപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് തൈക്കാട് സ്വദേശി മഹാലക്ഷ്മി നൽകിയ ഹർജിയും കോടതി തള്ളി.

ശശീന്ദ്രന് എതിരായി പരാതി നല്‍കിയിരുന്ന മാധ്യമപ്രവര്‍ത്തക കഴിഞ്ഞ ദിവസം കോടതിയില്‍ മൊഴി മാറ്റിയിരുന്നു. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ചാനല്‍പ്രവര്‍ത്തക കോടതിയെ അറിയിച്ചത്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസില്‍ കോടതി വിധി പറഞ്ഞത്.

കേസിലെ വിധിയിൽ സന്തോഷമുണ്ടെന്ന് വിധിയറിഞ്ഞ എകെ ശശീന്ദ്രൻ വ്യക്തമാക്കി. തനിക്കെതിരെ പാർട്ടിയിൽ ആരും ഗൂഢാലോചന നടത്തിയിട്ടില്ല. മന്ത്രി സ്ഥാനത്തേക്കുള്ള മടങ്ങിവരവ് പാർട്ടി നേതൃത്വം തീരുമാനിക്കും. ഇക്കാര്യത്തിൽ അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവുമാണ് തീരുമാനം കൈക്കൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ കോടതി വിധി അനുകൂലമായാല്‍ എകെ ശശീന്ദ്രന്‍ മന്ത്രിയാകുമെന്നും താമസമില്ലാതെ തീരുമാനമെടുക്കുമെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ നേരത്തെ അറിയിച്ചിരുന്നു.

തന്നോട് ഫോണില്‍ അശ്ലീലം സംഭാഷണം നടത്തിയത് ശശീന്ദ്രനാണോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും അതിനാല്‍ പരാതിയില്ലെന്നുമാണ് ചാനൽ പ്രവർത്തകയായ യുവതി കഴിഞ്ഞ ദിവസം തിരുവനന്തപുരം സിജെഎം കോടതിയെ അറിയിച്ചത്. കേസുമായി മുന്നോട്ട് പോകാൻ താത്പര്യം ഇല്ലെന്നും ശശീന്ദ്രന്‍ മന്ത്രിയായിരിക്കെ ഓഫീസിൽ വച്ച് തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍