സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര മായകാഴ്ചയോ? ഇതാണ് യാഥാര്‍ഥ്യം !

രേണുക വേണു
ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (15:06 IST)
തൃശൂര്‍ പൂരം അലങ്കോലമാക്കാന്‍ ബിജെപിയും സംഘപരിവാറും ശ്രമിച്ചതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിയും സംശയനിഴലില്‍ ആയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് നേട്ടത്തിനായി തൃശൂര്‍ പൂരത്തെ ഉപയോഗിച്ചു എന്നാണ് ഇടതുപക്ഷവും യുഡിഎഫും സുരേഷ് ഗോപിക്കെതിരെ ആരോപിക്കുന്നത്. ഈ ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയും വിവാദമായത്. 
 
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദ സംഭവങ്ങള്‍ അരങ്ങേറിയ സമയത്ത് സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലന്‍സില്‍ തിരുവമ്പാടി ദേവസ്വം ഓഫീസിലേക്കാണ് എത്തിയത്. എന്നാല്‍ താന്‍ ആംബുലന്‍സില്‍ യാത്ര ചെയ്തിട്ടില്ലെന്നാണ് സുരേഷ് ഗോപി ഇപ്പോള്‍ വാദിക്കുന്നത്. താന്‍ ആംബുലന്‍സില്‍ പൂരനഗരിയിലേക്ക് എത്തിയെന്ന് പറയുന്നവര്‍ കണ്ടത് 'മായകാഴ്ച' ആയിരിക്കുമെന്നാണ് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞത്. 
 
യഥാര്‍ഥത്തില്‍ സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് എത്തിയെന്ന് പറയുന്നത് വാസ്തവമാണ്. തൃശൂര്‍ പൂരത്തിനിടെ പൂരനഗരയിലേക്ക് മറ്റു സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുമതിയില്ല. ഈ സാഹചര്യത്തില്‍ ആണ് സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് എത്താന്‍ സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചത്. ബിജെപി ജില്ലാ നേതൃത്വത്തിന്റെ അറിവോടു കൂടിയാണ് ഇത്. സുരേഷ് ഗോപി ആംബുലന്‍സില്‍ നിന്ന് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. 
 
മാത്രമല്ല സുരേഷ് ഗോപി ആംബുലന്‍സില്‍ ആണ് എത്തിയതെന്ന് ബിജെപി തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ കെ.കെ.അനീഷ് കുമാറും സമ്മതിക്കുന്നു. സുരേഷ് ഗോപി പൂരനഗരിയില്‍ എത്തരുതെന്നും ചര്‍ച്ചകള്‍ നടത്താന്‍ പാടില്ലെന്നും പൊലീസിനു അജണ്ട ഉണ്ടായിരുന്നു. ആ തടസങ്ങളെ മുഴുവന്‍ അതിജീവിച്ചുകൊണ്ടാണ് സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപിയെ അവിടെ എത്തിച്ചതെന്ന് തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ അനീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതില്‍ നിന്ന് തന്നെ സുരേഷ് ഗോപിയുടെ വാദം തെറ്റാണെന്ന് വ്യക്തമാകുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article