രാജീവ് ഗാന്ധിയെ വധിച്ചതുപോലെ ശ്രീധരൻ പിള്ളയെ വധിക്കുമെന്ന് ഭീഷണിക്കത്ത്

Webdunia
ശനി, 3 നവം‌ബര്‍ 2018 (17:56 IST)
ബി ജെ പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയ്‌ക്കെതിരെ ഭീഷണിക്കത്ത്. സ്‌പീഡ് പോസ്‌റ്റ് വഴി ബി ജെ പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് കത്ത് വന്നിരിക്കുന്നത്. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
'താങ്കളുടെ സമയം അടുത്തു. ഇനി എന്തെങ്കിലും ചെയ്‌തു തീർക്കാൻ ഉണ്ടെങ്കിൽ വേഗം ചെയ്‌ത് തീർക്കണം' എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. രാജീവ് ഗാന്ധിയുടെ അന്ത്യം പോലെ ഒരു ചൂടുള്ള വാർത്ത കേരളീയർ കാണട്ടേ എന്നും, ബോംബെയിൽ താമസിക്കുന്ന 66 വയസ്സായ ആളാണ് താനെന്നും കത്തിൽ പറയുന്നു. മഹാബലേശ്വറിൽ നിന്നാണ് ഈ കത്ത് വന്നിരിക്കുന്നത്. 
 
സംഭവത്തെക്കുറിച്ചുള്ള പരാതി ഡിജിപിയ്‌ക്ക് നൽകിയിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങൾ ഇല്ലാത്ത സ്ഥലത്ത് പോയി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന പൊലീസ് ഇത്തരം സംഭവങ്ങളെ അതീവ ലാഘവത്തോടെയാണ് കാണുന്നത്. സന്ദീപാനന്തയുടെ കാർ കത്തിച്ചപ്പോൾ അരമണിക്കൂറിനുള്ളിൽ മുഖ്യമന്ത്രി അവിടെയെത്തി അത് ചെയ്‌തത് ആർ എസ് എസും ബിജെപിയുമാണെന്ന് പറയുന്നു. ആഴ്‌ച ഒന്ന് കഴിഞ്ഞിട്ടും ഒരാളെയും പിടിച്ചിട്ടില്ല. 
 
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സന്ദീപാനന്തയുടെ കാർ കത്തിച്ച സംഭവത്തിൽ ഒരു ആർ എസ് എസ്സുകാരനേയും ബിജെപിക്കാരനേയും പിടിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം സന്ദീപാനന്തയോ അവരുമായി ബന്ധപ്പെട്ടവരോ ആണെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് ഇപ്പോൾ അതെക്കുറിച്ച് ചർച്ച ഒന്നും ഇല്ലാത്തിരുന്നത്. തങ്ങൾക്ക് ആവശ്യമുള്ള പ്രതികളെ കിട്ടുമെങ്കിൽ മാത്രമേ പൊലീസുകാർ അറസ്‌റ്റ് ചെയ്യുകയുള്ളൂ'- കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article