നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള അപകടകരമായ വർഗീയക്കളിയുടെ കർട്ടനാണ് ആസാമിൽ പൊങ്ങുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2018 (16:44 IST)
നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ ബിജെപി ആവിഷ്കരിക്കുന്ന ഏറ്റവും അപകടകരമായ വർഗീയക്കളിയുടെ കർട്ടനാണ് ആസാമിൽ പൊങ്ങുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് . ജനിച്ചു വളർന്ന നാട്ടിൽ റേഷൻ കാർഡും പാസ്പോർട്ടും തിരിച്ചറിയൽ രേഖയുമുണ്ടായിട്ടും ജനങ്ങൾക്ക് പൌരത്വം നിഷേധിച്ചുകൊണ്ട് സൃഷ്ടിക്കുന്ന ഭീകരമായ അരക്ഷിതാവസ്ഥയ്ക്ക് വ്യക്തമായ ലക്ഷ്യമുണ്ടെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
 
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം 
 
നരേന്ദ്രമോദിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ ബിജെപി ആവിഷ്കരിക്കുന്ന ഏറ്റവും അപകടകരമായ വർഗീയക്കളിയുടെ കർട്ടനാണ് ആസാമിൽ പൊങ്ങുന്നത്. ജനിച്ചു വളർന്ന നാട്ടിൽ റേഷൻ കാർഡും പാസ്പോർട്ടും തിരിച്ചറിയൽ രേഖയുമുണ്ടായിട്ടും ജനങ്ങൾക്ക് പൌരത്വം നിഷേധിച്ചുകൊണ്ട് സൃഷ്ടിക്കുന്ന ഭീകരമായ അരക്ഷിതാവസ്ഥയ്ക്ക് വ്യക്തമായ ലക്ഷ്യമുണ്ട്.
 
പൌരത്വം തെളിയിക്കാനാകാത്ത എല്ലാ ആസാംകാരെയും നാടുകടത്തുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ബിജെപി നേതാവ് ഹിമന്ത ബിസ്വ സർമ ഉയർത്തിയ ഭീഷണിയുടെ വ്യാപ്തി അന്നാരും തിരിച്ചറിഞ്ഞിരുന്നില്ല. ഇന്ന് 40 ലക്ഷം പേരാണ് ഒറ്റയടിയ്ക്ക് പൌരത്വാവകാശത്തിൽ നിന്നു പുറത്തായത്. ബി.ജെ.പിയുടെ കുടിലമായ രാഷ്ട്രീയലക്ഷ്യത്തിന് സാങ്കേതികസഹായം നൽകുകയാണ് ഭരണസംവിധാനം.
 
ഇന്ത്യയിൽ പിറന്നു വീണ്, വളർന്ന്, പണിയെടുത്ത്, നികുതി കൊടുക്കുന്നവരാണ് പുറത്തായവർ. അവർ ഇന്ത്യാക്കാരല്ലെന്നു തീർച്ചപ്പെടുത്തുകയും രാജ്യത്തിനു പുറത്തുപോകണമെന്ന് കൽപ്പിക്കുകയും ചെയ്യുകയാണ് ബിജെപി നേതാക്കൾ. അമിത്ഷാ പാർലമെന്റിൽത്തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. ആരാണ് ഇന്ത്യാക്കാരനെന്നു തീരുമാനിക്കാനുള്ള അവകാശമൊന്നും അമിത്ഷായ്ക്കോ മറ്റേതെങ്കിലും ബിജെപിക്കാർക്കോ ജന്മസിദ്ധമായി ലഭിച്ചിട്ടില്ല. അക്കാര്യം ഓർക്കുന്നത് നന്ന്.
 
പത്തൊമ്പതാം നൂറ്റാണ്ടിൽ ആസാമിൽ വ്യാപകമായി തോട്ടങ്ങൾ സ്ഥാപിച്ചതിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ നാനാഭാഗങ്ങളിൽ നിന്ന് ആസാമിലേയ്ക്ക് ആളുകൾ കുടിയേറിയിട്ടുണ്ട്. ഇത്തരത്തിലുള്ള മലയാളികുടിയേറ്റത്തെക്കുറിച്ചാണ് പ്രതിപാദിച്ചുകൊണ്ട് "ആസാമിലെ പണിക്കാർ" എന്ന പേരിലുള്ള കവിത തന്നെ വൈലോപ്പിള്ളി എഴുതിയിട്ടുണ്ട്. നാടും വീടും വിട്ട് ആസാമിലെ കൊടും തണുപ്പിലേക്ക് വിഷസർപ്പങ്ങളെയും മലമ്പനിയെയും കൂസാതെ ഇറങ്ങിപ്പുറപ്പെട്ട ഒരു കൂട്ടം മലയാളികളെക്കുറിച്ചാണ് ആ കവിത. അതു വായിച്ച മലയാളിയ്ക്ക് കുടിയേറ്റക്കാർക്കെതിരെയുള്ള ബി.ജെ.പിയുടെ ജൽപനങ്ങളെ പരമപുച്ഛത്തോടെ മാത്രമേ കാണാനാവൂ.
 
സുപ്രികോടതി നിർദ്ദേശത്തെപ്പോലും ധിക്കരിച്ചുകൊണ്ടാണ് അധികൃതർ ബി.ജെ.പിയുടെ വാലാട്ടികളായത്. 1971 മാർച്ച് 24 നോ അതിനു മുമ്പോ തങ്ങൾക്കോ പൂർവികർക്കോ ഇന്ത്യൻ പൌരത്വമുണ്ടെന്ന് തെളിയിക്കാൻ കഴിയാത്തവരെയാണത്രേ ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. എന്നാൽ ഇക്കാര്യം നിർണയിക്കാൻ സുപ്രിംകോടതി തന്നെ ചില മാനദണ്ഡങ്ങൾ നിർദ്ദേശിച്ചിരുന്നു. ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല.
 
ഇന്ത്യയുടെ മുൻരാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ബന്ധുക്കളടക്കം പട്ടികയിൽ നിന്ന് പുറത്താണ്. പഞ്ചായത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റും റേഷൻ കാർഡും പാസ്പോർട്ടുമൊന്നും പൌരത്വപരിശോധനയിൽ പരിഗണിക്കുകയേ ഇല്ല എന്നു ശഠിക്കാൻ അധികാരികൾക്ക് എന്തവകാശം. അങ്ങനെയൊക്കെ തീരുമാനിച്ച് പൌരാവകാശം ഹനിച്ചാലുണ്ടാകുന്ന പൊതുജനരോഷം ഏതെല്ലാം വഴികളിലൂടെ കത്തിപ്പടരുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ബിജെപിയ്ക്ക് ആവശ്യവും ഈ കലാപമാണ്.
 
അഭയാർത്ഥികളുടെ പൌരാവകാശം സംബന്ധിച്ച് ഇന്ത്യ പ്രത്യേകിച്ച് നയമൊന്നും സ്വീകരിച്ചിട്ടില്ല. ടിബെറ്റ്, ശ്രീലങ്ക, പശ്ചിമ പാകിസ്താൻ എന്നിവിടങ്ങളിൽനിന്നൊക്കെ അഭയാർത്ഥികളെ കൈയും നീട്ടി സ്വീകരിച്ച് പൌരത്വം നൽകിയ രാജ്യമാണ് ഇന്ത്യ. ആ ഇന്ത്യയിലാണ് കഠിനാധ്വാനം ചെയ്ത് തലമുറകളായി ജീവിക്കുകയും നികുതിയൊടുക്കുകയും റേഷൻകാർഡിനും പാസ്പോർട്ടിനുമടക്കം അവകാശികളായിരിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് ആൾക്കാരെ പൊടുന്നനെ രാജ്യമില്ലാത്തവരായി മാറ്റുന്നത്.
 
ആസാമിൽ നടത്തിയ ഇതേ പരിപാടി ബംഗാളിലും ബിഹാറിലും വ്യാപിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് അത്യന്തം അപകടകരമായ വർഗീയധ്രുവീകരണത്തിലേയ്ക്കും അതുവഴി കലാപവുമാണ് ബിജെപി ലക്ഷ്യമിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article