ശശീന്ദ്രന്‍ വന്നാല്‍ എനിക്ക് ബിസിനസ് കാര്യമൊക്കെ നോക്കിനടക്കാമല്ലോ, നഷ്ടം സഹിച്ചാണ് മന്ത്രിയായത്: തോമസ് ചാണ്ടി

Webdunia
ബുധന്‍, 15 നവം‌ബര്‍ 2017 (16:52 IST)
ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന മന്ത്രിസ്ഥാനത്തേക്ക് എന്‍ സി പിയില്‍ നിന്നുതന്നെയുള്ള എ കെ ശശീന്ദ്രന്‍ തിരിച്ചുവന്നാല്‍ തനിക്ക് സന്തോഷമാണെന്ന് രാജിവച്ച ശേഷം തോമസ് ചാണ്ടി. ശശീന്ദ്രന്‍ മന്ത്രിയായി തിരിച്ചെത്തിയാല്‍ തനിക്ക് വിദേശത്തുള്ള ബിസിനസൊക്കെ ഭംഗിയായി നോക്കി നടത്താമെന്നും തോമസ് ചാണ്ടി.
 
ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തോമസ് ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഈ മന്ത്രിസ്ഥാനം എന്‍ സി പിയുടേതാണ്. അത് അവിടെത്തന്നെ കിടക്കും. ഞാനോ ശശീന്ദ്രനോ, ആരാണ് ആദ്യം കുറ്റവിമുക്തനാകുന്നത് അയാള്‍ മന്ത്രിയാകും. ശശീന്ദ്രന്‍ മന്ത്രിയായാല്‍ സന്തോഷം. മന്ത്രിയായതുകൊണ്ട് എനിക്ക് ഒരുപാട് നഷ്ടമുണ്ടായി. വിദേശത്തുള്ള ബിസിനസൊക്കെ കളഞ്ഞിട്ടാണ് ഇവിടെ വന്ന് മന്ത്രിയായത്. ഞാനാണ് ആദ്യം കുറ്റവിമുക്തനാകുന്നതെങ്കില്‍ എന്തൊക്കെ നഷ്ടം സഹിച്ചും വീണ്ടും മന്ത്രിയായി ജനസേവനത്തിനിറങ്ങും - തോമസ് ചാണ്ടി വ്യക്തമാക്കി. 
 
എനിക്കെതിരായ ആരോപണങ്ങളില്‍ ഒരു ശതമാനം പോലും കഴമ്പില്ല. അഞ്ച് ദിവസം മുമ്പുവരെ രാജിയെക്കുറിച്ച് ആലോചിച്ചിരുന്നതേയില്ല. കോടതി പരാമര്‍ശം വന്നപ്പോള്‍ മുന്നണിക്ക് കുഴപ്പമുണ്ടാകേണ്ടെന്ന് കരുതിയാണ് രാജിവയ്ക്കുന്നത്. താന്‍ രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് മന്ത്രിസഭായോഗം ബഹിഷ്കരിച്ച സി പി ഐയുടെ നടപടി മുന്നണി മര്യാദയുടെ ലംഘനമാണെന്നും തോമസ് ചാണ്ടി പറഞ്ഞു.
 
കായല്‍ കൈയേറ്റ വിഷയത്തില്‍ തനിക്കെതിരേയുള്ള ആലുപ്പുഴ കലക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ടില്‍ നിരവധി തെറ്റുകളുണ്ടെന്ന് തോമസ് ചാണ്ടി പറഞ്ഞു. ധൃതിപിടിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കൊണ്ടാണ് തെറ്റുകള്‍ വന്നത്. ക്ഷമിക്കാന്‍ പറ്റാത്ത തെറ്റുകളാണ് ഉണ്ടായിരിക്കുന്നത്. ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാഴാഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article