തൊടുപുഴ കൂട്ടക്കൊലപാതകം: തിരുവനന്തപുരത്ത് ഒരാൾ കൂടി അറസ്‌റ്റിൽ, നിർണായക വിവരങ്ങൾ പുറത്ത്

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (11:46 IST)
തൊടുപുഴ കമ്പകക്കാനത്ത് കാനാട്ട് വീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മകൾ ആർഷ (21), മകൻ അർജുൻ (18) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരത്ത് ഒരാൾകൂടി അറസ്‌റ്റിൽ. പാങ്ങോട് നിന്ന് ഷിബു എന്നയാളാണ് പിടിയിലായത്. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. 
 
ഇതിനകം തന്നെ കേസിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. കൃഷ്ണനുമായി അടുത്തുപരിചയമുള്ളവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള രണ്ടുപേരിൽ ഒരാൾ നെടുംകണ്ടം സ്വദേശിയാണ്. ഇയാൾക്ക് സ്ഥലവിൽപ്പനയുമായി ബന്ധപ്പെട്ടു കൊല്ലപ്പെട്ട കൃഷ്ണനുമായി തർക്കമുണ്ടെന്നും പൊലീസിനു സൂചനയുണ്ട്. 15 പേരെ ചോദ്യം ചെയ്തതിൽനിന്നു സംശയം തോന്നിയവരെയാണു കസ്റ്റഡിയിൽ എടുത്തത്.
 
കൊല്ലപ്പെട്ട കൃഷ്ണന്റെ അടുപ്പക്കാരനായ നെടുങ്കണ്ടം സ്വദേശിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഇയാളെ പൈനാവ് പൊലീസ് ക്യാംപിലും മറ്റുള്ളവരെ വണ്ണപ്പുറം തൊടുപുഴ പൊലീസ് സ്റ്റേഷനുകളിലുമാണ് ചോദ്യംചെയ്യുന്നത്. ദിവസങ്ങള്‍ക്കിപ്പുറവും ദുരൂഹമായി തുടരുന്ന നാലുപേര്‍ പൊലീസ് കസ്റ്റഡിയിലായി. കൊല നടന്ന വീടിനുള്ളില്‍ നിന്ന് ആറുപേരുടെ വിരലടയാളങ്ങള്‍ കണ്ടെത്തുകയും ഇത് കൊലയാളികളുടേതാണെന്ന് പൊലീസ് സംശയിക്കുന്നതായും വ്യക്തമാക്കി.
 
കൊല്ലപ്പെട്ട കൃഷ്ണനും കുടുംബവും ആരേയോ വല്ലാതെ ഭയപ്പെട്ടിരുന്നുവെന്നു ബോധ്യപ്പെടുത്തുന്ന തെളിവുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. സ്ഥിരമായി കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരാണ് ഈ കൊലപാതകങ്ങളുടെയും പിന്നിലെന്നു പൊലീസ് പറയുന്നു. കൊലപാതാകം നടന്ന വീട്ടിലെ ഓരോ മുറിയിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article