മോഷ്ടിക്കാൻ കയറിയ ഹോട്ടലിൽ കഞ്ഞിവച്ച് കുടിച്ച് നന്നായി ഒരു കുളിയും കഴിച്ച് പണവുമായി മുങ്ങിയ കള്ളൻ പിടിയിൽ

വെള്ളി, 3 ഓഗസ്റ്റ് 2018 (19:36 IST)
കല്‍പറ്റ : രാത്രിയില്‍ ഹോട്ടലില്‍ കയറി കഞ്ഞി വച്ചു കുടിച്ച് കുളിയും കഴിഞ്ഞ് പെട്ടിയിലെ പണവുമായി മുങ്ങിയ കള്ളന്‍ പൊലീസ് പിടിയിലായി. വെള്ളമുണ്ട സ്വദേശി 29കാരനായ സുധീഷാണ് പൊലീസ് പിടിയിലായത്. 
 
മോഷ്ടിക്കാന്‍ കയറുന്നിടത്തെല്ലാം ഭക്ഷണമുണ്ടാക്കി കഴിക്കുകയും, ഭക്ഷണം പൊതിഞ്ഞെടുത്ത് കൊണ്ടുപോവുകയും ചെയ്യുന്നത് സുധീഷിന്റെ പതിവാണെന്ന്  സി സി ടി വി ദൃശ്യങ്ങാളുടെ അടിസ്ഥാനത്തിൽ പൊലീസ് പറഞ്ഞു.
 
കഴിഞ്ഞ 10 നാണ് വെള്ളമുണ്ട സ്കൂളിനു സമീപത്തെ ഹോട്ടലിൽ സുധീഷ് മോഷ്ടിക്കാന്‍ കയറിയത്. അരി അടുപ്പത്തിട്ട ശേഷം ഹോട്ടലിൽ  കൈകഴുകാന്‍ വച്ചിരുന്ന സോപ്പുപയോഗിച്ച്‌  നന്നായി ഒന്നു കുളിച്ചു. പിന്നീട് ഭക്ഷണം കഴിച്ച് ഹോട്ടലിലെ പാലിയേറ്റിവ് കെയര്‍ സംഭാവനപ്പെട്ടിയിലെ 5000 രൂപയും എടുത്ത് സുധീഷ് കടക്കുകയയിരുന്നു.
 
തൊട്ടടുത്ത ദിവസം പനമരം സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കയറിയ സുധീഷ് മുട്ട പുഴുങ്ങിത്തിന്നുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മാനന്തവാടിയിലെ ഹോട്ടലില്‍ കയറിയ സുധീഷ് മീന്‍കറിയും പൊറോട്ടയും പൊതിഞ്ഞെടുത്തു കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇത് വലിയ വാർത്തയായതോടെ മീശവടിച്ചായി സുധീഷിന്റെ നടപ്പ്. ഇയാളെ തിരിച്ചറിഞ്ഞ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍