കൂട്ടക്കൊല്ല നിധിയുടെ പേരിലെന്ന് സൂചന; തമിഴ്‌നാട്ടില്‍ നടന്ന പൂജ കൊലയ്‌ക്ക് കാരണമായി ? - അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

Webdunia
ഞായര്‍, 5 ഓഗസ്റ്റ് 2018 (10:13 IST)
ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലപാതകത്തിനു പിന്നില്‍ നിധി സംബന്ധിച്ച തര്‍ക്കമാണെന്ന സൂചനയിലേക്ക് അന്വേഷണ സംഘം. കസ്റ്റഡിയിലുള്ള മുസ്‌ലിം ലീഗ് പ്രാദേശിക നേതാവ് ഷിബുവിന് കൊലപാതകത്തില്‍ അറിവുള്ളതായും സൂചനയുണ്ട്.

നിധി കണ്ടെത്തുന്നതു സംബന്ധിച്ചു തമിഴ്നാട്ടിൽ പൂജ നടത്തിയതിന്റെ പേരിലുള്ള തർക്കമാണു കൂട്ടക്കൊലയ്ക്കു പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട കൃഷ്‌ണനുമായി അടുപ്പമുള്ളവരാണ് കസ്‌റ്റഡിയിലുള്ള മൂന്നു പേരും. പല കേസുകളില്‍ പ്രതികളായ ഇവരെ ഇടുക്കി എആർ ക്യാംപിലെത്തിച്ചു ചോദ്യംചെയ്യാൻ തുടങ്ങി.

കസ്‌റ്റഡിയിലുള്ള ഷിബുവുമായി ബന്ധപ്പെട്ട് നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. സംഭവത്തില്‍ ശക്തമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

പാങ്ങോട് സ്വദേശിയായ ഒരു മൗലവിയെ കബളിപ്പിച്ചു തുക രേഖപ്പെടുത്താത്ത ചെക്കും പ്രോമിസറി നോട്ടും നൽകി അഞ്ചു ലക്ഷം രൂപ തട്ടിച്ചെടുത്ത കേസും കല്ലറ സ്വദേശിയുടെ കാർ ലോൺവച്ചു 15 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയുടെ തട്ടിപ്പു നടത്തിയെന്ന പരാതിയും നിലവിലുണ്ട്.

കൃഷ്‌ണന്‍ ആഭിചാരക്രീയകള്‍ ചെയ്യുകയും നിധി കണ്ടെത്തി തരാമെന്ന് വാഗ്ദാനം ചെയ്‌ത് പലരില്‍ നിന്നും പൂജയുടെ പേരില്‍ പണം വാങ്ങിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും സംശയിക്കപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article