‘പെണ്‍കുട്ടികളെ കമന്റടിക്കുന്നതും പീഡന ശ്രമം‘; പ്രശ്‌നപരിഹാരത്തിന് നമ്പര്‍ നല്‍കി ഋഷിരാജ് സിംഗ്

ശനി, 4 ഓഗസ്റ്റ് 2018 (20:29 IST)
പെണ്‍കുട്ടികളെ കമന്റടിക്കുന്നതും പീഡന ശ്രമമാണെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്. ഇതു പോലെയുള്ള സംഭവങ്ങള്‍ നടക്കുമ്പോള്‍ തന്നെ അത് അധ്യാപകരെ അറിയിക്കണമെന്നും കൂടത്തായ് സെയ്ന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ലഹരിവസ്‌തുക്കളുടെ ഉപയോഗം വര്‍ദ്ധിക്കുന്നുണ്ട്. ലഹരി വസ്‌തുക്കള്‍ ഏറ്റവും കൂടുതല്‍  ഉപയോഗിക്കുന്നവരുടെ പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന് രണ്ടാം സ്ഥാനമാണ്. മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട് വീടിന് സമീപത്ത് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ നേരിട്ട് വിളിച്ചറിയിക്കാമെന്നും വിദ്യാര്‍ഥികളോട് ഋഷിരാജ് സിംഗ് പറഞ്ഞു.

വീടിന് സമീപത്തെ മദ്യക്കച്ചവടം മൂലം വലിയ ശല്ല്യമാണെന്നറിയിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനി അബിന റെജിയുടെ പരാതി കേട്ട ഋഷിരാജ് സിംഗ് ഇത്തരം പ്രശ്‌നങ്ങള്‍ നേരിട്ട് വിളിച്ചു പറയാമെന്നും തന്റെ ഫോണ്‍ നമ്പര്‍ 9447178000 ഇതാണെന്നും വ്യക്തമാക്കി. മൊബൈല്‍ നമ്പര്‍ സ്‌കൂളിലെ നോട്ടീസ് ബോര്‍ഡില്‍ എഴുതിയിടാന്‍ പ്രിന്‍സിപ്പലിനോട് അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്‌തു.

സ്‌ത്രീകള്‍ക്കു നേര്‍ക്ക് ലൈംഗികാതിക്രമം വര്‍ദ്ധിച്ചു വരുന്നതായി ചൂണ്ടിക്കാട്ടിയ പെണ്‍കുട്ടിക്കും ഋഷിരാജ് സിംഗ് മറുപടി നല്‍കി. ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ തിരിച്ചറിയപ്പെടുകയും കേസ് നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ വലിയ തോതിലാണ് പീഡനങ്ങള്‍ നടക്കുന്നത്. ഇതില്‍ ചിലത് മാത്രമാണ് പുറം ലോകമറിയുന്നതെന്നും കമ്മിഷണര്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍