കഴിഞ്ഞ ദിവസം നിയമസഭയില്‍ നാക്ക് പിഴച്ചതിന് കാരണം വെളിപ്പെടുത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്ത്. തനിക്കെതിരെ നടന്നത് മനുഷ്യത്വ രഹിതമായ വിമര്‍ശനമാണ്. രക്തത്തിലെ പഞ്ചസാരയുടെ കുറവ് മൂലമാണ് അന്ന് നാക്ക് പിഴച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു തുള്ളി വെള്ളം കിട്ടിയിരുന്നുവെങ്കില്‍ സഭയിലെ ചര്‍ച്ചയില്‍ പിഴവ് ഉണ്ടാകുമായിരുന്നില്ല. ആ സംഭവത്തിന്റെ പേരില്‍ നിരവധി പേര്‍ തന്നെ വിമര്‍ശിച്ചു. അന്നു തന്നെ മറ്റൊരാള്‍ക്കും നാക്ക് പിഴച്ചു, ഇക്കാര്യത്തെക്കുറിച്ച് മാത്രം സംസാരിക്കാന്‍ ആര്‍ക്കും ധൈര്യമില്ല. അന്നത്തെ സംഭവം സഭാ രേഖകളില്‍ നിന്ന് അത് നീക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
എം എം മണിയുടെ വിവാദ പ്രസംഗത്തിനെത്തുടര്‍ന്ന് മൂന്നാറില്‍ സമരം ചെയ്യുന്ന പൊമ്പിളൈ ഒരുമൈയ്ക്ക് പിന്തുണ അറിയിച്ച് സംസാരിക്കുമ്പോഴാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നാക്ക് പിഴച്ചത്. പൊമ്പിളൈ ഒരുമൈ എന്ന് ഉച്ചരിക്കാന്‍ അദ്ദേഹം ബുദ്ധിമുട്ടുകയും വാക്ക് തെറ്റായി പ്രയോഗിക്കുകയുമായിരുന്നു.