കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ കോടതിക്കു മുന്നില്‍ അഭിഭാഷകരും പത്രപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ അഭിഭാഷകര്‍ പത്രപ്രവര്‍ത്തകര്‍ക്ക് നേരെ വലിച്ചെറിഞ്ഞത് മദ്യക്കുപ്പികളായിരുന്നു. ഇത്രയേറെ മദ്യക്കുപ്പികള്‍ എങ്ങനെ കോടതി വളപ്പില്‍ എത്തി എന്നതാണ് ഇപ്പോള്‍ ഏവരെയും അമ്പരപ്പിക്കുന്നത്. ഇതു സംബന്ധിച്ച് പൊലീസ് രഹസ്യ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണു സൂചന.
ബുധനാഴ്ച കൊച്ചിയില്‍ ഹൈക്കോടതി പരിസരത്ത് നടന്ന സംഘടങ്ങളുടെ തുടര്‍ച്ച എന്നോണമായിരുന്നു കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ കോടതി പരിസരത്തും ആക്രമണം അരങ്ങേറിയത്. എന്നാല്‍ ഇതിന്‍റെ പുറകില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നാണു പൊലീസ് അന്വേഷിക്കുന്നത്.
കഴിഞ്ഞ ദിവസം ഉണ്ടായ അക്രമപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് വഞ്ചിയൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്രപ്രവര്‍ത്തകര്‍ക്കെതിരെ അഡ്വ.പാരിപ്പള്ളി കൃഷ്ണകുമാരിയും അഭിഭാഷകര്‍ക്കെതിരെ ജീവന്‍ ടി.വി., മാതൃഭൂമി എന്നിവരുടെ ക്യാമറാമാന്മാരും നല്‍കിയ പരാതി പ്രകാരമാണു കേസുകള്‍. ഇതിനൊപ്പം വക്കീല്‍ ഗുമസ്തനായ കണ്ണനു പരിക്കേറ്റ സംഭവത്തിലും അക്രമത്തില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റ സംഭവത്തിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.