സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കരയിലെ സി പി എം സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ച എ എ റഷീദിനെതിരെ മണ്ഡലത്തില്‍ മിക്ക സ്ഥലങ്ങളിലും പ്രതിഷേധ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായിട്ടാണ് ഇവ കാണപ്പെട്ടത്.
ആര്യനാട്, വെള്ളനാട്, അഴീക്കോട് എന്നീ സ്ഥലങ്ങളിലെ പ്രധാന കവലകളിലെല്ലാം പ്രതിഷേധ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ മണ്ഡലം കമ്മിറ്റിയില്‍ കഴിഞ്ഞ ദിവസം വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സി പി എം സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍, ജില്ലാ നേതാവ് വി.കെ.മധു എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ നിലവിലെ സിറ്റിംഗ് എം എല് എയ്ക്കെതിരെ യുവസ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തണം എന്നാണ് ഭൂരിപക്ഷ ആവശ്യം ഉയര്‍ന്നിരിക്കുന്നത്.