മൂന്നാറില്‍ തേയില തോട്ടം തൊഴിലാളികള്‍ നടത്തിവരുന്ന സമരം ഒമ്പതാം ദിവസത്തിലേക്ക്. അതേസമയം, തൊഴിലാളി പ്രശ്നം പരിഹരിക്കുന്നതിനായി തൊഴിലാളി നേതാക്കളുമായി ഞായറാഴ്ച 10ന് കമ്പനി പ്രതിനിധികള്‍ ആലുവ പാലസില്‍ ചര്‍ച്ച നടത്തും. തുടര്‍ന്ന്, 11 മണിയോടെ എറണാകുളം ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചര്‍ച്ചയില്‍ ട്രേഡ് യൂണിയന്‍ നേതാക്കളും മന്ത്രിമാരും പങ്കെടുക്കും.
ഇതിനിടെ വെള്ളിയാഴ്ച തൊഴിലാളികള്‍ വിരട്ടിയോടിച്ച സ്ഥലം എം എല്‍ എ, എസ് എസ് രാജേന്ദ്രന്‍ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് മൂന്നാറില്‍ നിരാഹാരം ആരംഭിച്ചു. മുഖ്യസമരവേദിക്ക് അര കിലോമീറ്റര്‍ അകലെ ആരംഭിച്ച എം എല്‍ എയുടെ സമരപ്പന്തലിലും തൊഴിലാളികള്‍ നേരിട്ടെത്തി പ്രതിഷേധിച്ചു.
സമരപന്തലില്‍ എത്തിയ നേതാക്കള്‍ക്ക് എതിരെ വന്‍ രോഷപ്രകടനമായിരുന്നു സമരം ചെയ്യുന്ന തൊഴിലാളികളുടെ ഭാഗത്തു നിന്നുണ്ടായത്. വൈകുന്നേരം സമരക്കാരെ കാണാനത്തെിയ ജോയ്സ് ജോര്‍ജ് എം പിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നു.