വീണയെ കുറ്റപ്പെടുത്താനില്ല, ആശ സമരത്തില്‍ എടുത്തുചാടി തീരുമാനമെടുക്കാന്‍ കഴിയില്ല; സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി

നിഹാരിക കെ.എസ്

ഞായര്‍, 23 മാര്‍ച്ച് 2025 (09:07 IST)
ആശ വര്‍ക്കര്‍മാരുടെ ജീവിതം നേരേയാക്കണമെന്ന് സുരേഷ് ഗോപി. വിഷയത്തിൽ സംസ്ഥാന ആരോഗ്യമന്ത്രിയെ കുറ്റംപറയാനില്ലെന്നും  സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനതകളെക്കുറിച്ച് തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സ്ഥിതിഗതികൾ ഇങ്ങനെ ആയതിനാൽ എടുത്തുചാടി സംസ്ഥാന സര്‍ക്കാരിന് ഒരു തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും അതാണ് താന്‍ നേരത്തേ പറഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ ബാക്കുകൾ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.
 
നേരത്തെ, ആശാ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്രം നല്‍കാനുള്ളതെല്ലാം നല്‍കിയെന്നും സുരേഷ് ഗോപി സമരപ്പന്തലില്‍ എത്തി പറഞ്ഞിരുന്നു. ആശാ വര്‍ക്കര്‍മാരെ മന്ത്രി വീണാ ജോര്‍ജും സര്‍ക്കാരും പറഞ്ഞു പറ്റിക്കുകയാണ്. സിക്കിം സര്‍ക്കാര്‍ മാത്രമാണ് ആശാ വര്‍ക്കര്‍മാരെ തൊഴിലാളി എന്ന ഗണത്തിലേക്ക് മാറ്റിയിട്ടുള്ളൂ. മറ്റ് സംസ്ഥാനങ്ങള്‍ക്കെല്ലാം അത് ചെയ്യാം. മന്ത്രിമാരായ വീണാ ജോര്‍ജും ശിവന്‍കുട്ടിയും വിചാരിച്ചാല്‍ നിങ്ങളെ ആ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
 
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം സത്യം. സഭയില്‍ കള്ളം പറയാന്‍ സാധിക്കില്ല. ഭാഷ മനസിലാകാത്തതിനാലാണ് കേന്ദ്ര വിഹിതം കിട്ടിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറയുന്നത്. യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഇനി കിട്ടാനുള്ള തുക നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രം അനുവദിച്ച തുക സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചോ എന്ന ചോദ്യത്തിനു, മാധ്യമങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്കൂ എന്നായിരുന്നു മറുപടി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍