തന്റെ രാഷ്ട്രീയ നിലപാടിനെ കുറിച്ച് സംസാരിച്ച് നടന്‍ ഇര്‍ഷാദ്. സിപിഎം പാര്‍ട്ടി മെമ്പറായ താന്‍ പാര്‍ട്ടി പറഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് പറയുന്നത്. സുരേഷ് ഗോപിയുമായി സൗഹൃദം ഉണ്ടെങ്കിലും അദ്ദേഹത്തിന് വോട്ട് ചെയ്യില്ലെന്നും സൗഹൃദവും പാര്‍ട്ടിയും വേറെയാണെന്നും ഇര്‍ഷാദ് വ്യക്തമാക്കി. സിപിഎം അനുഭാവി ആയതിനാല്‍ തൃശൂരില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
'രാഷ്ട്രീയ നിലപാടുകള്‍ ഉള്ള ആളാണ്. ഞാന്‍ സിപിഎം പാര്‍ട്ടി മെമ്പര്‍ ആണ്. പാര്‍ട്ടി മെമ്പറായ സ്ഥിതിക്ക് തൃശൂരില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറി നില്‍ക്കില്ല. പക്ഷെ എന്റെ അള്‍ട്ടിമേറ്റ് സിനിമയാണ് എന്ന് ഞാന്‍ പറയും. എങ്കിലും പാര്‍ട്ടി അങ്ങനെ പറഞ്ഞാല്‍ മത്സരിക്കും. സുരേഷ് ഗോപിക്ക് വോട്ട് ചെയ്യില്ല.
സുരേഷേട്ടന്‍ എന്റെ നല്ല സുഹൃത്ത് ആണ്. സുരേഷേട്ടനോട് ഒരു പയ്യന്‍ സിനിമയുടെ കഥ പറഞ്ഞപ്പോള്‍ ഡിവൈഎസ്പിയുടെ കഥാപാത്രത്തില്‍ ആരാണെന്ന് ചോദിച്ചു, തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍, അത് ഇര്‍ഷാദിനെ വച്ചോ എന്ന് പറഞ്ഞു. വരാഹം എന്ന സിനിമയിലും പുള്ളി പറഞ്ഞിട്ട് എന്നെ വിളിച്ചിരുന്നു. ഒരു ദിവസം അഭിനയിച്ചെങ്കിലും പിന്നെ പോകാന്‍ പറ്റിയില്ല. എന്നാല്‍ രാഷ്ട്രീയം വേറെ സിനിമ വേറെയാണ്. സുരേഷേട്ടന്‍ മത്സരിക്കുന്നുണ്ട്, വോട്ട് ചെയ്യണം എന്ന് പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല. എന്റെ രാഷ്ട്രീയം അതാണ്', എന്നാണ് ഇര്‍ഷാദ് പറയുന്നത്.