അറസ്റ്റില്ല, സുരേഷ് ഗോപിയെ ചോദ്യം ചെയ്തത് 2 മണിക്കൂർ, നോട്ടീസ് നൽകി വിട്ടയച്ചു

Webdunia
ബുധന്‍, 15 നവം‌ബര്‍ 2023 (15:47 IST)
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. രണ്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച പോലീസ് താരത്തിന് നോട്ടീസ് നല്‍കിയ ശേഷമാണ് വിട്ടയച്ചത്.
 
നടക്കാവ് പോലീസ് സ്‌റ്റേഷന് പുറത്തെത്തിയ സുരേഷ് ഗോപി കാറിന്റെ സണ്‍ റൂഫിലൂടെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. കാത്തിരുന്ന പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ അദ്ദേഹം പ്രകോപനമില്ലാതെ പിരിഞ്ഞുപോകണമെന്ന് അഭ്യര്‍ഥിച്ചു. സുരേഷ് ഗോപിക്കൊപ്പം ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍,പി കെ കൃഷ്ണദാസ്,ശോഭാ സുരേന്ദ്രന്‍, എം ടി രാമേശ് തുടങ്ങിയവരും എത്തിയിരുന്നു. സംസ്ഥാനത്തിലെ വിവിധ പരിപാടികള്‍ റദ്ദാക്കിവന്ന അവരുടെ കരുതലിനും സ്‌നേഹത്തിനും നന്ദിയുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.
 
ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുന്‍പായി സുരേഷ്‌ഗോപിക്ക് അഭിവാദ്യമര്‍പ്പിച്ച രാവിലെ നടക്കാവ് ഇംഗ്ലീഷ് പള്ളിയില്‍ നിന്നും സ്‌റ്റേഷനിലേക്ക് ബിജെപി നേതാക്കള്‍ പദയാത്ര സംഘടിപ്പിച്ചിരുന്നു. കോഴിക്കോട് എസ് ജിക്കൊപ്പം എന്ന പ്ലക്കാര്‍ഡുമായി സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ഞൂറോളം പ്രവര്‍ത്തകരാണ് റാലിയിലെ പങ്കെടുത്തത്. വേട്ടയാടാന്‍ വിട്ടുതരില്ലെന്ന ബാനറും പിടിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article