പ്രതീക്ഷിച്ച പോലെ ബോക്‌സ്ഓഫീസില്‍ നേട്ടം കൊയ്യാതെ സുരേഷ് ഗോപി ചിത്രം ഗരുഡന്‍. റിലീസ് ചെയ്ത ആദ്യദിനം മുതല്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ ചിത്രത്തിനു മികച്ച അഭിപ്രായങ്ങള്‍ ലഭിച്ചെങ്കിലും തിയറ്ററുകളില്‍ ശരാശരി വിജയത്തില്‍ ഒതുങ്ങി. ആദ്യ പത്ത് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ ചിത്രത്തിനു ബോക്‌സ്ഓഫീസില്‍ നിന്ന് കളക്ട് ചെയ്യാന്‍ സാധിച്ചത് 12.25 കോടി മാത്രമാണ്. കഴിഞ്ഞ വീക്കെന്‍ഡില്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റഴിഞ്ഞ ടിക്കറ്റുകളുടെ എണ്ണം 32,000 ആയിരുന്നു (24 മണിക്കൂറില്‍). ഈ വീക്കെന്‍ഡിലേക്ക് എത്തിയപ്പോള്‍ അത് 14,000 ആയി കുറഞ്ഞു.
സുരേഷ് ഗോപി ഫാക്ടറാണ് ചിത്രത്തിന്റെ ബോക്സ്ഓഫീസ് കളക്ഷനില്‍ തിരിച്ചടിയായതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സുരേഷ് ഗോപി ഇടയ്ക്കിടെ നടത്തുന്ന വിവാദ പരാമര്‍ശങ്ങള്‍ നടന്റെ സിനിമകള്‍ക്കും തിരിച്ചടിയാകുന്നുണ്ടെന്ന് മലയാള സിനിമാ ആരാധകര്‍ വിലയിരുത്തുന്നു. മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയ സംഭവത്തില്‍ താരത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.