സൂര്യയും കാര്‍ത്തിയും ഒന്നിച്ചൊരു സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയിലെത്തി ഇത്രയും വര്‍ഷമായിട്ടും സഹോദരനൊപ്പം ഒരു സിനിമ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് കാര്‍ത്തി. സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്റെ ചാറ്റ് ഷോയില്‍ സംസാരിക്കുമ്പോഴായിരുന്നു നടന്‍ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. രണ്ടാളും വളരെ സെലക്ടീവായാണ് സിനിമകള്‍ തെരഞ്ഞെടുക്കാനുള്ളതെന്ന് സമ്മതിച്ച കാര്‍ത്തി തുടക്കത്തില്‍ ചേട്ടനൊപ്പം സിനിമ ചെയ്യാന്‍ ഭയമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ വളരെ സന്തോഷമാണെന്നും പറഞ്ഞു.
'ഒന്നിച്ച് സിനിമ ചെയ്യുമ്പോള്‍ ഞങ്ങളുടെ കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധവും സിനിമയില്‍ കഥാപാത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വ്യക്തത വേണം. കൂടാതെ അത് ഞങ്ങളെ തൃപ്തിപ്പെടുത്തണം. മുമ്പ് സംവിധായകന്‍ എസ് എസ് രാജമൗലി ഒരു കഥയുമായി സഹോദരനെ സമീപിച്ചിരുന്നു. ഞങ്ങള്‍ രണ്ടാളും അഭിനയിച്ചാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞു. ഞങ്ങള്‍ക്കും അത് രസകരമായി തോന്നി. കാരണം ഞങ്ങള്‍ക്ക് അത് ചേരുമായിരുന്നു. എന്നിരുന്നാലും ആ സിനിമ സ്വീകരിച്ചില്ല',-കാര്‍ത്തി പറഞ്ഞു.