സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കാന്‍ നീക്കം; ലോക്‌സഭയിലേക്ക് തൃശൂരില്‍ നിന്ന് മത്സരിക്കും

Webdunia
വെള്ളി, 30 ജൂണ്‍ 2023 (11:26 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭയില്‍ പൊളിച്ചുപണിക്ക് ഒരുങ്ങി ബിജെപി. കേരളത്തില്‍ നിന്ന് സുരേഷ് ഗോപിയെ അടക്കം കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് ആലോചന. അതിനുശേഷം ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. കേന്ദ്രമന്ത്രിയായി തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ അത് സുരേഷ് ഗോപിയുടെ ജനപിന്തുണ വര്‍ധിപ്പിക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ബിജെപിക്ക് വോട്ട് ബാങ്കുള്ള തൃശൂര്‍ ലോക്‌സഭ മണ്ഡലത്തിലാകും സുരേഷ് ഗോപി മത്സരിക്കുക. 
 
പാര്‍ട്ടിക്ക് പുറത്ത് സുരേഷ് ഗോപിക്ക് തൃശൂരില്‍ വോട്ട് ബാങ്കുണ്ടെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. തൃശൂരിലെ ക്രിസ്ത്യന്‍ സഭകളുമായി സുരേഷ് ഗോപിക്കുള്ള അടുപ്പവും ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പേ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി വോട്ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ ജനകീയമാക്കാനുള്ള വമ്പന്‍ പദ്ധതികളാണ് ബിജെപി നേതൃത്വം വിഭാവനം ചെയ്യുന്നത്. 
 
തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ സുരേഷ് ഗോപിക്ക് ബിജെപി സംസ്ഥാന നേതൃത്വം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. അതനുസരിച്ച് ഇടയ്ക്കിടെ തൃശൂര്‍ എത്തുന്ന സുരേഷ് ഗോപി ജനങ്ങളുടെ വിഷയങ്ങളില്‍ ശക്തമായി ഇടപെടാറുണ്ട്. തൃശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സുരേഷ് ഗോപിക്കും താല്‍പര്യമുണ്ട്. 
 
അതേസമയം, കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമായ തൃശൂരില്‍ നിലവിലെ എംപിയായ ടി.എന്‍.പ്രതാപന്‍ തന്നെ മത്സരിക്കാനാണ് സാധ്യത. പ്രതാപന് വ്യക്തിപരമായി താല്‍പര്യക്കുറവ് ഉണ്ടെങ്കിലും പാര്‍ട്ടി നിര്‍ബന്ധത്തിനു വഴങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ മന്ത്രിയായ വി.എസ്.സുനില്‍കുമാര്‍ ആയിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article